
റിയാദ്: സൗദി അറേബ്യ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ആറുപേർക്ക് പരുക്കേറ്റു. രാജ്യത്തിന്റെ അതിർത്തി നഗരമായ നജ്റാനിലാണ് ആക്രമണമുണ്ടായത്. ജനവാസ മേഖലയിലേക്ക് കുതിച്ചെത്തിയ മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന തകർത്തുവെങ്കിലും, ഇവയുടെ അവശിഷ്ടങ്ങൾ പതിച്ചാണ് ആളുകൾക്ക് പരുക്കേറ്റത്. ആക്രമണത്തിൽ മൂന്ന് വീടുകൾക്കും മൂന്ന് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തലസ്ഥാനമായ റിയാദിൽ സുരക്ഷ ശക്തമാക്കി. റിയാദിലെ ഏറ്റവും ഉയർന്ന കെട്ടിടങ്ങളിലൊന്നായ 99 നിലകളുള്ള പ്രസിദ്ധമായ കിങ്ഡം സെന്ററിലെ ഓഫീസുകൾ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താൽക്കാലികമായി അടച്ചുപൂട്ടി. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ കെട്ടിടത്തിലെ മാളിന്റെ പ്രവർത്തനം നിലച്ചിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തുടർച്ചയായുണ്ടാകുന്ന ഡ്രോൺ-മിസൈൽ ഭീഷണികളെത്തുടർന്ന് റിയാദ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടിരിക്കുകയാണ്.
മേഖലയിൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. പ്രാദേശിക അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ എംബസിയുമായി ബന്ധപ്പെടണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Missile attack in Saudi Arabia: Six people injured; high alert in Riyadh, Kingdom Centre closed.















