
റിയാദ്: യമനിലെ ഇറാൻ അനുകൂല ഹൂതി വിമതരുടെ ഭാഗത്തുനിന്നുള്ള ആക്രമണ ഭീഷണികളെത്തുടർന്ന് സൗദി അറേബ്യയിലെ മൂന്ന് പ്രധാന കിഴക്കൻ നഗരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം. പ്രമുഖ നഗരങ്ങളായ ദമ്മാം, ദഹ്റാൻ, അബ്ഖൈഖ് എന്നിവിടങ്ങളിലാണ് സൗദി സിവിൽ ഡിഫൻസ് ഞായറാഴ്ച സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ‘എക്സ്’ (X) വഴിയാണ് സിവിൽ ഡിഫൻസ് മൂന്ന് നഗരങ്ങൾക്കുമായി പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയത്. എന്നാൽ, നേരിടുന്ന ഭീഷണിയുടെ കൃത്യമായ സ്വഭാവം എന്താണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. എണ്ണസമ്പന്നമായ കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമിട്ട് ഹൂതികൾ ഭീഷണി ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടി.
ദിവസങ്ങൾക്ക് മുമ്പ് കിഴക്കൻ മേഖലയിലെ ദമ്മാം വിമാനത്താവളത്തിന് നേരെ തങ്ങൾ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ പ്രതിരോധ റഡാർ സംവിധാനത്തിന് നേരെയും സൈനിക ട്രാൻസ്പോർട്ട് വിമാനത്തിന് നേരെയും ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സരീ വ്യക്തമാക്കിയിരുന്നു.
സൗദി ലക്ഷ്യങ്ങൾക്കെതിരെ സൈനിക നീക്കങ്ങൾ തുടരുമെന്ന് ഹൂതികൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ മേഖലയിൽ കനത്ത സുരക്ഷാ നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ഹൂതി വിമതർക്ക് ലെബനനിലെ ഹിസ്ബുള്ള നൽകി വരുന്ന സൈനിക സഹായങ്ങൾ തടയാൻ ലെബനൻ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് യമൻ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പരമാധികാരം ഉറപ്പാക്കാനും ആയുധങ്ങൾ ഉപയോഗിക്കുന്നതിലും യുദ്ധ പ്രഖ്യാപനങ്ങളിലും ഉള്ള തീരുമാനങ്ങൾ ലെബനൻ ഭരണകൂടത്തിൽ മാത്രം നിക്ഷിപ്തമാക്കാനുമുള്ള ബെയ്റൂട്ടിന്റെ ശ്രമങ്ങളെ യമൻ വിദേശകാര്യ മന്ത്രി അഫ്ര അൽ-സൂബ പിന്തുണച്ചു.













