
ടെഹ്റാൻ: ഇറാനിലെ ബുഷെഹർ ആണവനിലയത്തിന് (BNPP) തൊട്ടടുത്ത് കഴിഞ്ഞ ദിവസമുണ്ടായ മിസൈൽ ആക്രമണം അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി മുന്നറിയിപ്പ് നൽകി. നിലയത്തിന്റെ അതിർത്തിയിൽ നിന്ന് വെറും 75 മീറ്റർ മാത്രം അകലെയാണ് പുതിയ മിസൈൽ പതിച്ചതെന്ന് സ്വതന്ത്ര ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തുകൊണ്ട് ഐഎഇഎ സ്ഥിരീകരിച്ചു. യുദ്ധം ആരംഭിച്ച ശേഷം ഇത് നാലാം തവണയാണ് ഈ ആണവനിലയത്തിന് നേരെ ആക്രമണമുണ്ടാകുന്നത്.
നിലയത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെങ്കിലും ഇത്തരത്തിലുള്ള സൈനിക നീക്കങ്ങൾ വൻ ആണവ ദുരന്തത്തിന് വഴിയൊരുക്കുമെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ ഇറാന്റെ അതിർത്തികൾക്ക് അപ്പുറം വ്യാപിക്കുമെന്നും ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി വ്യക്തമാക്കി. ബുഷെഹർ ആണവനിലയത്തിന് സമീപം ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഒരു സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടതായും നിലയത്തിലെ ഒരു അനുബന്ധ കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തു.
വൻതോതിൽ ആണവ ഇന്ധനം സൂക്ഷിച്ചിട്ടുള്ള ഒരു പ്രവർത്തനക്ഷമമായ ആണവനിലയത്തിന് സമീപം ഇത്തരം ആക്രമണങ്ങൾ തുടരുന്നത് പരിസ്ഥിതിക്കും മനുഷ്യജീവനും വലിയ ഭീഷണിയാണെന്ന് ഐഎഇഎ ചൂണ്ടിക്കാട്ടി. നിലവിൽ റേഡിയേഷൻ അളവിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ആണവ സുരക്ഷയുടെ ഏഴ് അടിസ്ഥാന പ്രമാണങ്ങൾ ലംഘിക്കപ്പെടുന്നത് അപകടകരമാണെന്ന് റാഫേൽ ഗ്രോസി ഓർമ്മിപ്പിച്ചു. മേഖലയിൽ സമാധാനം നിലനിർത്തുന്നതിന് എല്ലാ ഭാഗത്തുനിന്നും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസി ആവർത്തിച്ച് ആവശ്യപ്പെട്ടു.














