
സനാ: ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടുകൊണ്ട് ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ തങ്ങളും പങ്കുചേരുന്നതായി ഹൂതി വിമതർ പ്രഖ്യാപിച്ചു. ശനിയാഴ്ചയാണ് ഹൂതികൾ ഇസ്രായേലിനെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തിയത്.
“ദക്ഷിണ പലസ്തീനിലെ ഇസ്രായേലിൻ്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആദ്യ സൈനിക നടപടി പൂർത്തിയാക്കി,” എന്ന് യമൻ സായുധ സേന പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം, യമനിൽ നിന്ന് മിസൈൽ വിക്ഷേപിച്ചതായും അത് തടയാനുള്ള നടപടികൾ സ്വീകരിച്ചതായും ഇസ്രായേൽ പ്രതിരോധ സേനയും (IDF) സ്ഥിരീകരിച്ചിട്ടുണ്ട്.
പലസ്തീൻ, ലെബനൻ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണങ്ങൾക്കും കൂട്ടക്കൊലകൾക്കും ഉള്ള മറുപടിയാണ് ഈ നീക്കമെന്ന് ഹൂതികൾ വ്യക്തമാക്കി. അമേരിക്കയോ ഇസ്രായേലോ ആക്രമണം ശക്തമാക്കുകയാണെങ്കിൽ ഇറാന് പിന്തുണയുമായി യുദ്ധത്തിൽ സജീവമാകുമെന്ന് ഹൂതി ഉദ്യോഗസ്ഥർ നേരത്തെ സി.എൻ.എന്നിനോട് പറഞ്ഞിരുന്നു.
കൂടാതെ, ചെങ്കടലിനെ ആഗോള കപ്പൽ പാതകളുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ‘ബാബ് അൽ-മന്ദബ്’ ഇടുക്ക് അടച്ചുപൂട്ടുന്നത് തങ്ങളുടെ പരിഗണനയിലുള്ള കാര്യമാണെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി. ഇത് ലോകത്തെ ചരക്ക് നീക്കത്തെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്.
‘ബാബ് അൽ-മന്ദബ്’ ഇടുക്കിന് പ്രാധാന്യമേറെ
‘ബാബ് അൽ-മന്ദബ്’ ഇടുക്ക് ചെങ്കടലിനെ ഏദൻ ഉൾക്കടലുമായും അറബിക്കടലുമായും ബന്ധിപ്പിക്കുന്നു. ഒരു വശത്ത് യമനും മറുഭാഗത്ത് ജിബൂട്ടി, എറിത്രിയ (ആഫ്രിക്ക) എന്നീ രാജ്യങ്ങളുമാണ് ഇതിൻ്റെ അതിരുകൾ. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന പ്രധാന കപ്പൽ പാതയാണിത്. സൂയസ് കനാൽ വഴി പോകുന്ന കപ്പലുകൾക്കെല്ലാം ഈ ഇടുക്കിലൂടെ കടന്നുപോയേ മതിയാകൂ. പേർഷ്യൻ ഗൾഫിൽ നിന്നുള്ള എണ്ണക്കപ്പലുകൾ യൂറോപ്പിലേക്കും അമേരിക്കയിലേക്കും പോകുന്നത് ഇതിലൂടെയാണ്. പ്രതിദിനം ദശലക്ഷക്കണക്കിന് ബാരൽ എണ്ണയാണ് ഈ പാത വഴി കടന്നുപോകുന്നത്. യമൻ തീരത്തായതുകൊണ്ട് തന്നെ, ഹൂതി വിമതർക്ക് ഈ പ്രദേശം എളുപ്പത്തിൽ നിയന്ത്രിക്കാനോ തടസ്സപ്പെടുത്താനോ സാധിക്കും. ഈ പാത അടച്ചാൽ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയും ചരക്ക് നീക്കം നിലയ്ക്കുകയും ചെയ്യും. അതുകൊണ്ടാണ് ഇതിനെ ഒരു ‘ചോക്ക് പോയിന്റ്’ എന്ന് വിളിക്കുന്നത്.
ആരാണ് ഹൂത്തികൾ
യെമനിൽ നിന്നുള്ള ഇറാൻ അനുകൂല ഷിയാ മുസ്ലീം സൈനിക-രാഷ്ട്രീയ സംഘടനയാണ് ഔദ്യോഗികമായി ‘അൻസാർ അല്ലാഹ്’ (ദൈവത്തിന്റെ സഹായികൾ) എന്നറിയപ്പെടുന്ന ഹൂത്തികൾ. 1990-കളിൽ വടക്കൻ യെമനിലെ ‘സൈദി’ ഷിയാ വിഭാഗത്തിന്റെ അവകാശങ്ങൾക്കായി രൂപംകൊണ്ട ഈ പ്രസ്ഥാനം, പിൽക്കാലത്ത് ലോകശ്രദ്ധയാകർഷിച്ച ഒരു കരുത്തുറ്റ സൈനിക ശക്തിയായി മാറി.
പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഹുസൈൻ അൽ-ഹൂത്തിയുടെ പേരിൽ നിന്നാണ് ‘ഹൂത്തി’ എന്ന പേര് വന്നത്. നിലവിൽ അദ്ദേഹത്തിൻ്റെ സഹോദരൻ അബ്ദുൾ മാലിക് അൽ-ഹൂത്തിയാണ് സംഘടനയെ നയിക്കുന്നത്. 2014-ൽ യെമൻ്റെ തലസ്ഥാനമായ സനാ പിടിച്ചെടുത്തതോടെ ഹൂത്തികൾ രാജ്യത്തിൻ്റെ വടക്കൻ ഭാഗങ്ങളിൽ ഭരണം നടത്തുന്നു. ഇതോടെയാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുമായി ഇവർ യുദ്ധത്തിലായത്. 2023-ലെ ഗാസ യുദ്ധത്തിന് പിന്നാലെ, പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്രായേലിന് നേരെ മിസൈൽ ആക്രമണങ്ങൾ നടത്തുകയും ചെങ്കടലിലെ കപ്പലുകളെ ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നു.
Missile attack on Israel: Houthis announce direct participation in the war















