
ന്യൂഡൽഹി: സമൂഹമാധ്യമമായി ഇൻസ്റ്റഗ്രാമിൽ 10 കോടി (100 മില്യൺ) ഫോളോവേഴ്സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെക്കാൾ (4.32 കോടി) വലിയ വ്യത്യാസത്തിലാണ് മോദി മുന്നിലെത്തിയത്. ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ (1.5 കോടി), ബ്രസീൽ പ്രസിഡൻ്റ് (1.44 കോടി) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ.
ഇൻസ്റ്റഗ്രാമിന് പുറമെ എക്സിലും 10.6 കോടിയിലധികം ഫോളോവേഴ്സുമായി അദ്ദേഹം ലോകനേതാക്കളിൽ മുൻപന്തിയിലുണ്ട്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള പ്രമുഖരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി തുടങ്ങിയ കായിക താരങ്ങൾക്കും പോപ്പ് താരങ്ങൾക്കും ഒപ്പമാണ് മോദിയുടെയും സ്ഥാനം. ഇതോടെ ആഗോളതലത്തിൽ ഡിജിറ്റൽ രംഗത്ത് ഏറ്റവും കൂടുതൽ ജനസ്വാധീനമുള്ള നേതാവായി മോദിയുടെ പേര് വീണ്ടും അടയാളപ്പെടുത്തുകയാണ്.
ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിൻ്റെ കാര്യത്തിൽ മറ്റ് ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ മോദിക്ക് ഏറെ പിന്നിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (1.61 കോടി), ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (1.26 കോടി) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. അരവിന്ദ് കെജ്രിവാൾ: 26 ലക്ഷം (2.6 മില്യൺ), എം.കെ. സ്റ്റാലിൻ: 19 ലക്ഷം (1.9 മില്യൺ), അഖിലേഷ് യാദവ്: 18 ലക്ഷം (1.8 മില്യൺ), തേജസ്വി യാദവ്: 17 ലക്ഷം (1.7 മില്യൺ) എന്നിവരും പിന്നാലെയുണ്ട്.
അതേസമയം, രാഷ്ട്രീയത്തിന് പുറമെ എല്ലാ മേഖലയിലുമുള്ള ഇന്ത്യക്കാരെ പരിഗണിക്കുകയാണെങ്കിൽ, 27.4 കോടിയിലധികം ഫോളോവേഴ്സുമായി ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ് ഒന്നാമത്. അദ്ദേഹത്തിന് പിന്നാലെയാണ് മോദി എത്തുന്നത്.
Modi has become the first political leader in the world to achieve the historic milestone of 100 million followers on Instagram.













