
ന്യൂഡൽഹി: അമേരിക്കയിലെ ന്യൂജേഴ്‌സി ആസ്ഥാനമായ പ്രമുഖ ഭക്ഷ്യോൽപ്പന്ന നിർമ്മാണ കമ്പനി കാംബെലിൻ്റെ ലഘുഭക്ഷണ വിഭാഗത്തിൻ്റെ പുതിയ പ്രസിഡൻ്റായി ഇന്ത്യൻ വംശജനായ മോഹിത് ആനന്ദിനെ നിയമിച്ചു. ഇന്നലെയാണ് അദ്ദേഹം ഈ ചുമതലയേറ്റെടുത്തത്. ഈ പദവിയിൽ നിന്ന് ഒഴിഞ്ഞ എലിസബത്ത് ഡഗ്ഗന് പകരമാണ് മോഹിത് ആനന്ദിൻ്റെ നിയമനം.
കാംബെൽ കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റും സ്നാക്സ് വിഭാഗം പ്രസിഡൻ്റും ആയിട്ടാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ഗോൾഡ് ഫിഷ്, പെപ്പറിഡ്ജ് ഫാം, സ്നൈഡേഴ്സ് ഓഫ് ഹാനോവർ, കെറ്റിൽ ബ്രാൻഡ് തുടങ്ങി പ്രശസ്തമായ ബ്രാൻഡുകളുടെ വളർച്ചയ്ക്ക് അദ്ദേഹം നേതൃത്വം നൽകും.
കൺസ്യൂമർ പാക്കേജ്ഡ് ഗുഡ്‌സ് മേഖലയിൽ 30 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ഇദ്ദേഹം മുൻപ് കെല്ലനോവ, യുണിലീവർ, പ്രോക്ടർ ആൻഡ് ഗാംബിൾ (P&G) എന്നീ കമ്പനികളിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.
ചണ്ഡീഗഢിലെ പഞ്ചാബ് എൻജിനീയറിങ് കോളേജിൽ നിന്ന് ബിരുദവും മുംബൈയിലെ ജമ്‌നാലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ നിന്ന് മാനേജ്‌മെന്റ് ബിരുദവും നേടിയിട്ടുണ്ട്.
Mohit Anand to lead Campbell’s snack division, India is also proud















