കള്ളപ്പണം വെളുപ്പിച്ചു: ടെക്സസിലെ ഇന്ത്യൻ വംശജനായ ജഡ്ജി കെ.പി. ജോർജ് കുറ്റക്കാരനെന്ന് കോടതി

ഹൂസ്റ്റൺ: തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ട് വെട്ടിച്ച് കള്ളപ്പണം വെളുപ്പിച്ച കേസിൽ ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മൂന്നാം ഡിഗ്രി ഫെലണി കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടതോടെ ഇദ്ദേഹത്തിന് രണ്ട് മുതൽ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.

തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സമാഹരിച്ച ഫണ്ടിൽ നിന്നും 46,000 ഡോളറിലധികം (ഏകദേശം 38 ലക്ഷം രൂപ) സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും അത് വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തു എന്നതാണ് കെ.പി. ജോർജിനെതിരെയുള്ള പ്രധാന ആരോപണം. 2026 മാർച്ചിൽ നടന്ന വിചാരണയിലാണ് കോടതി ഇദ്ദേഹം കുറ്റക്കാരനാണെന്ന് വിധിച്ചത്. വിധി വന്നതിന് പിന്നാലെ ഇദ്ദേഹത്തെ കോടതിയിൽ വെച്ച് തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് 20,000 ഡോളറിന്റെ ബോണ്ടിൽ ജാമ്യം അനുവദിച്ചു.

കേസിൽ ഇദ്ദേഹം അനുഭവിക്കേണ്ട കൃത്യമായ ശിക്ഷാ കാലാവധി ജൂൺ 16-ന് കോടതി ഔദ്യോഗികമായി പ്രഖ്യാപിക്കും. പത്ത് വർഷം വരെ തടവും 10,000 ഡോളർ പിഴയുമാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ.
കേരളത്തിൽ വേരുകളുള്ള കെ.പി. ജോർജ്, അമേരിക്കയിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ജഡ്ജി പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ്. കോടതി കുറ്റക്കാരനാണെന്ന് വിധിച്ചതോടെ ഇദ്ദേഹത്തിന് തൻ്റെ ഔദ്യോഗിക പദവി ഒഴിയേണ്ടി വരും. അമേരിക്കൻ മലയാളി സമൂഹത്തിനിടയിൽ വലിയ ചർച്ചകൾക്കാണ് ഈ വിധി വഴിയൊരുക്കിയിരിക്കുന്നത്.

Money laundering: Texas Indian-origin judge KP George found guilty; could face up to 10 years in prison

More Stories from this section

family-dental
witywide