യുഎസിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപനം! ഗ്രീൻലാൻഡിൽ സൈനിക സാന്നിധ്യം ശക്തമാക്കി ഡെന്മാർക്ക്; ആർമി ചീഫ് നേരിട്ട് നേതൃത്വം നൽകും

കോപ്പൻഹേഗൻ: അമേരിക്കയുടെ ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള നീക്കങ്ങൾക്കിടെ, ആർട്ടിക് ദ്വീപിലെ സൈനിക സാന്നിധ്യം വൻതോതിൽ വർധിപ്പിക്കാൻ ഡെന്മാർക്ക് തീരുമാനിച്ചു. ഇന്ന് വൈകുന്നേരത്തോടെ കൂടുതൽ ഡാനിഷ് സൈനികർ ഗ്രീൻലാൻഡിലേക്ക് പുറപ്പെടുമെന്ന് ഡാനിഷ് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.

സൈനിക വിന്യാസത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനം ആർട്ടിക് വൃത്തത്തിനുള്ളിലുള്ള തെക്കുപടിഞ്ഞാറൻ മുനിസിപ്പാലിറ്റിയായ കാംഗർലൂസുവാഗ് ആണ്. ദ്വീപിലെ നിലവിലുള്ള ഡാനിഷ് സൈനികരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാകുമെന്നാണ് ഔദ്യോഗിക സൂചന.
ഈ അസാധാരണ സൈനിക നീക്കത്തിന് നേതൃത്വം നൽകാൻ റോയൽ ഡാനിഷ് ആർമിയുടെ ചീഫ് ഓഫ് ഡിഫൻസ് മേജർ ജനറൽ പീറ്റർ ബോയ്‌സൻ തന്നെ ഗ്രീൻലാൻഡിലേക്ക് യാത്ര ചെയ്യും.

മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുകയും പുതിയ സൈനിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുകയാണ് അദ്ദേഹത്തിന്റെ പ്രധാന ഉത്തരവാദിത്തം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗ്രീൻലാൻഡ് വാങ്ങാൻ ശക്തമായി നിലകൊള്ളുന്നതിനിടെ, ഡെന്മാർക്കിന് നേരെ കടുത്ത സാമ്പത്തിക ഭീഷണികളും നികുതി നടപടികളും ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഡെന്മാർക്കിന്റെ ഈ പ്രതിരോധ നീക്കം. തങ്ങളുടെ പരമാധികാരവും ഗ്രീൻലാൻഡിന്റെ പ്രദേശിക സമഗ്രതയും ഉറച്ചു സംരക്ഷിക്കുമെന്ന ശക്തമായ സന്ദേശമാണ് കോപ്പൻഹേഗൻ ഇതിലൂടെ നൽകുന്നത്.
ഗ്രീൻലാൻഡിന്റെ സുരക്ഷയും പ്രതിരോധവും നാറ്റോയുടെ ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്ന് ഡെന്മാർക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ആർട്ടിക് മേഖലയിലെ ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഡാനിഷ് സൈന്യത്തിന്റെ ഈ വലിയ വിന്യാസം ശ്രദ്ധേയമാകുന്നത്.

More Stories from this section

family-dental
witywide