ഇറാനിയൻ വനിതാ ഫുട്ബോൾ ടീമിലെ ഏഴ് അംഗങ്ങൾ ഓസ്‌ട്രേലിയയിൽ അഭയം തേടി; ബാക്കിയുള്ളവ‌ർ ഇറാനിലേക്ക് മടങ്ങിയെന്ന് റിപ്പോർട്ട്

മെൽബൺ: വനിതാ ഏഷ്യൻ കപ്പിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയയിലെത്തിയ ഇറാനിയൻ വനിതാ ഫുട്ബോൾ ടീമിലെ ഏഴ് അംഗങ്ങൾ ആതിഥേയ രാജ്യത്ത് അഭയം തേടിയതായി റിപ്പോർട്ട്. ടീമിലെ അഞ്ച് താരങ്ങൾക്ക് ഓസ്‌ട്രേലിയൻ സർക്കാർ മാനുഷിക വിസ അനുവദിച്ചതായി പ്രധാനമന്ത്രി ആന്തണി ആൽബനീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റൊരു താരവും ഒരു സ്റ്റാഫ് അംഗവും കൂടി ഓസ്‌ട്രേലിയയിൽ രാഷ്ട്രീയ അഭയം തേടിയതായി ടീമുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം, ശേഷിക്കുന്ന ടീം അംഗങ്ങൾ ഇറാനിലേക്ക് മടങ്ങിയതായാണ് വിവരം.

ഇവർ ഏത് വഴിയാണ് യാത്ര ചെയ്യുന്നതെന്നോ എപ്പോൾ ഇറാനിലെത്തുമെന്നോ ഉള്ള കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തിന് മുന്നോടിയായി ദേശീയഗാനം ആലപിച്ച സമയത്ത് ഇറാനിയൻ താരങ്ങൾ പുലർത്തിയ നിശബ്ദത വലിയ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും പ്രതിഷേധിച്ചായിരുന്നു താരങ്ങളുടെ ഈ നടപടി. ഇതേത്തുടർന്ന് നാട്ടിൽ തിരിച്ചെത്തിയാൽ തങ്ങൾ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന ഭയമാണ് താരങ്ങളെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. ഇറാനിലേക്ക് മടങ്ങിയ താരങ്ങളുടെ സുരക്ഷയെക്കുറിച്ച് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കകൾ ഉയരുന്നുണ്ട്.

ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ ടീം ഹോട്ടലിൽ നിന്നും രക്ഷപ്പെട്ട ഇറാൻ വനിതാ ദേശീയ ഫുട്ബോൾ ടീമിലെ അംഗങ്ങൾക്ക് അഭയം നൽകാൻ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. താരങ്ങളെ ഇറാനിലേക്ക് തിരിച്ചയക്കുന്നത് വലിയ മാനുഷിക ദുരന്തത്തിന് കാരണമാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Also Read

More Stories from this section

family-dental
witywide