
വാഷിംഗ്ടൺ: ബ്രിട്ടനിലെ വിവിധ റോയൽ എയർഫോഴ്സ് താവളങ്ങളിൽ അമേരിക്കൻ സൈനിക വിമാനങ്ങൾ വൻതോതിൽ എത്തിക്കൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നു. ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. ജനുവരി 3 ശനിയാഴ്ച മുതൽ കുറഞ്ഞത് 14 C-17 ഗ്ലോബ്മാസ്റ്റർ ചരക്ക് വിമാനങ്ങളും, അത്യാധുനിക ആയുധങ്ങൾ ഘടിപ്പിച്ച രണ്ട് AC-130J ഗോസ്റ്റ് റൈഡർ ഗൺഷിപ്പുകളും ബ്രിട്ടനിലെത്തി. ഗ്ലോസെസ്റ്റർഷെയറിലെ ആർഎഎഫ് ഫെയർഫോർഡ്, സഫോക്കിലെ ആർഎഎഫ് മിൽഡൻഹാൾ, ലേക്കൻഹീത്ത് എന്നീ താവളങ്ങളിലാണ് ഇവ ഇറങ്ങിയത്.
ലാൻഡ് ചെയ്തിരിക്കുന്ന ഗോസ്റ്റ്‌റൈഡറിന് പീരങ്കികൾ, ബോംബുകൾ, മിസൈലുകൾ എന്നിവ വഹിക്കാൻ ശേഷിയുള്ളതാണ്. ഗ്ലോബ്മാസ്റ്ററിൽ എത്തിച്ചതായി കരുതുന്ന 5 എംഎച്ച്-60എം ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഒരു എംഎച്ച്-47ജി ചിനൂക്കും ബ്രിട്ടീഷ് ഹാംഗറുകളിൽ എത്തിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം പിടികൂടിയതിന് പിന്നാലെയാണ് ഈ സൈനിക നീക്കം. അറ്റ്‌ലാന്റിക് സമുദ്രത്തിൽ വെച്ച് ‘മാരിനെറ’ (മുൻപ് ബെല്ല-1) എന്ന റഷ്യൻ പതാക വഹിച്ച എണ്ണക്കപ്പൽ അമേരിക്കൻ സേന പിടിച്ചെടുത്തു. വെനിസ്വേലയ്‌ക്കെതിരായ അമേരിക്കൻ ഉപരോധം ലംഘിച്ചു എന്ന് ആരോപിച്ചായിരുന്നു ഈ നടപടി. ഈ ഓപ്പറേഷന് മുന്നോടിയായാണ് ബ്രിട്ടനിലെ വ്യോമതാവളങ്ങളിൽ അമേരിക്കൻ വിമാനങ്ങൾ എത്തിയത്. കപ്പൽ പിടിച്ചെടുത്ത നടപടിയെ ‘കടൽക്കൊള്ള’ എന്നാണ് റഷ്യ വിശേഷിപ്പിച്ചത്. ഈ കപ്പലിനെ അകമ്പടി സേവിക്കാൻ റഷ്യ ഒരു അന്തർവാഹിനി അയച്ചതായും റിപ്പോർട്ടുകളുണ്ട്, ഇത് അമേരിക്കയും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ സാധ്യത വർദ്ധിപ്പിച്ചു.
അമേരിക്കയുടെ എലൈറ്റ് സ്പെഷ്യൽ ഓപ്പറേഷൻസ് വിഭാഗമായ ‘നൈറ്റ് സ്റ്റാക്കേഴ്സ്’ ഈ നീക്കങ്ങളുടെ ഭാഗമാണെന്ന് കരുതപ്പെടുന്നു. ബ്രിട്ടീഷ് താവളങ്ങളിൽ ഇവർ പരിശീലനം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള യുഎസ് താൽപ്പര്യവും വെനിസ്വേലയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും നിലനിൽക്കെ, യൂറോപ്പിലെ ഈ സൈനിക വിന്യാസം വരാനിരിക്കുന്ന കൂടുതൽ നടപടികളുടെ സൂചനയാണെന്ന് പ്രതിരോധ നിരീക്ഷകർ വിലയിരുത്തുന്നു. ഈ നീക്കങ്ങളെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വിസമ്മതിച്ചിട്ടുണ്ടെങ്കിലും, യുഎസ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതായി അവർ വ്യക്തമാക്കി.
More US military planes are landing in Britain













