
ന്യൂയോർക്ക്: ലോകസമ്പന്നനായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ് എഐക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആഷ്‌ലി സെന്റ് ക്ലെയർ കോടതിയിൽ. മസ്കിന്റെ മകൻ റോമുലസിന്റെ അമ്മ കൂടിയായ ആഷ്‌ലി, എക്സ് എഐയുടെ ചാറ്റ്ബോട്ടായ ‘ഗ്രോക്ക്’ തന്റെ അനുമതിയില്ലാതെ അശ്ലീലമായ ഡീപ്‌ഫേക്ക് ചിത്രങ്ങൾ നിർമ്മിച്ചുവെന്നാണ് പരാതി നൽകിയിരിക്കുന്നത്. ന്യൂയോർക്ക് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ, ഗ്രോക്ക് ഇത്തരത്തിലുള്ള അപകീർത്തികരമായ ഉള്ളടക്കം നിർമ്മിക്കുന്നത് തടയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
ഉപയോക്താക്കളുടെ നിർദ്ദേശപ്രകാരം ആഷ്‌ലി സെന്റ് ക്ലെയറിന്റെ നഗ്നചിത്രങ്ങളും മറ്റ് അശ്ലീല ഉള്ളടക്കങ്ങളും ഗ്രോക്ക് നിർമ്മിച്ചു വിതരണം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ഇതിൽ അവർ പ്രായപൂർത്തിയാകാത്ത കാലത്തെ ചിത്രങ്ങൾ പോലുമുണ്ടെന്നാണ് ആരോപണം. ഇത്തരം ചിത്രങ്ങൾ നിർമ്മിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഗ്രോക്കിനെ പലതവണ അറിയിച്ചിട്ടും, സിസ്റ്റം ചിത്രങ്ങൾ നിർമ്മിക്കുന്നത് തുടരുകയായിരുന്നുവെന്ന് ആഷ്‌ലി പറഞ്ഞു.
താൻ പരാതിപ്പെട്ടതിനെത്തുടർന്ന് മസ്ക് തന്റെ എക്സ് അക്കൗണ്ട് മോണിറ്റൈസേഷൻ തടഞ്ഞുകൊണ്ട് പ്രതികാര നടപടി സ്വീകരിച്ചതായും അവർ ആരോപിച്ചു. ഗ്രോക്ക് വഴി നിയമവിരുദ്ധമായ ഉള്ളടക്കം നിർമ്മിക്കുന്ന ഉപയോക്താക്കൾക്കായിരിക്കും അതിന്റെ ഉത്തരവാദിത്തമെന്ന് മസ്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ, വിവാദം കടുക്കുകയും ആഗോളതലത്തിൽ വിമർശനം ഉയരുകയും ചെയ്തതോടെ, യഥാർത്ഥ വ്യക്തികളുടെ അപകീർത്തികരമായ ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതിൽ നിന്ന് ഗ്രോക്കിനെ വിലക്കിയതായി എക്സ് എഐ ബുധനാഴ്ച അറിയിച്ചു.
ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ ഗ്രോക്കിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ മകൻ റോമുലസിന്റെ കസ്റ്റഡി സംബന്ധിച്ച് മസ്കും ആഷ്‌ലിയും തമ്മിൽ മറ്റൊരു കേസും നടന്നുവരികയാണ്. ആഷ്‌ലി തന്റെ നിലപാടുകൾ മാറ്റിയെന്നും ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്നത് മകന്റെ വളർച്ചയെ ബാധിക്കുമെന്നും ആരോപിച്ച് മസ്ക് മകന്റെ പൂർണ്ണമായ കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.















