അമേരിക്കയുടെ അത്യാധുനിക ഡ്രോൺ ഹോർമുസ് കടലിടുക്കിൽ അപ്രത്യക്ഷമായി; ഇറാൻ അതിർത്തിയിൽ വെച്ച് അടിയന്തര സന്ദേശം നൽകിയ ശേഷം കാണാതായി

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വിലകൂടിയ നിരീക്ഷണ വിമാനങ്ങളിൽ ഒന്നായ യുഎസ് നേവിയുടെ എം.ക്യു-4സി ട്രൈറ്റൺ (MQ-4C Triton) ഡ്രോൺ ഹോർമുസ് കടലിടുക്കിന് മുകളിൽ അപ്രത്യക്ഷമായി. പേർഷ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലും മൂന്ന് മണിക്കൂർ നീണ്ട നിരീക്ഷണം പൂർത്തിയാക്കി ഇറ്റലിയിലെ സിഗോണെല്ല നേവൽ എയർ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെയാണ് വിമാനം കാണാതായത്. തകരാർ സൂചിപ്പിക്കുന്ന ‘കോഡ് 7700’ സന്ദേശം അയച്ചതിന് പിന്നാലെ ഡ്രോൺ ഇറാൻ അതിർത്തിയിലേക്ക് നേരിയ രീതിയിൽ തിരിഞ്ഞതായും പെട്ടെന്ന് ഉയരം കുറഞ്ഞ് അപ്രത്യക്ഷമായതായും ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാർ 24 വ്യക്തമാക്കി.

ഏകദേശം 200 മില്യൺ ഡോളർ (ഏകദേശം 1600 കോടിയിലധികം രൂപ) വിലമതിക്കുന്ന ഈ ഡ്രോൺ തകർന്നു വീണതാണോ അതോ വെടിവെച്ചിട്ടതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ കരാറിലെത്തി രണ്ട് ദിവസത്തിന് ശേഷമാണ് ഈ സംഭവം എന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. കടൽപ്പാതകൾ വീണ്ടും തുറന്നുകൊടുക്കാൻ ഇറാൻ സമ്മതിച്ച പശ്ചാത്തലത്തിലാണ് ഈ അപ്രതീക്ഷിത തിരോധാനം.

കടലിലെ നിരീക്ഷണത്തിനായി മാത്രം പ്രത്യേകം രൂപകൽപ്പന ചെയ്ത ട്രൈറ്റൺ ഡ്രോണുകൾ 50,000 അടിയിലധികം ഉയരത്തിൽ പറക്കാൻ ശേഷിയുള്ളവയാണ്. 24 മണിക്കൂറിലധികം തുടർച്ചയായി പറക്കാനും ഒരേസമയം വിശാലമായ സമുദ്രമേഖലകൾ നിരീക്ഷിക്കാനും ഇവയ്ക്ക് സാധിക്കും. പസഫിക്, പേർഷ്യൻ ഗൾഫ് മേഖലകളിൽ അമേരിക്കയുടെ ‘കണ്ണുകളായി’ പ്രവർത്തിക്കുന്ന ഈ അത്യാധുനിക ഡ്രോൺ കാണാതായത് യുഎസ് സെൻട്രൽ കമാൻഡിന് വലിയ തിരിച്ചടിയാണ്. സംഭവത്തിൽ അമേരിക്ക ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

More Stories from this section

family-dental
witywide