
വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ, മേഖലയിലുള്ള തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി അമേരിക്ക പ്രത്യേക ചാർട്ടർ വിമാനങ്ങൾ അയച്ചുതുടങ്ങി. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പ്രവർത്തനപരമായ സുരക്ഷാ കാരണങ്ങളാൽ വിമാനങ്ങൾ എവിടെ നിന്നാണ് പുറപ്പെടുന്നതെന്നോ എത്ര പേർ ഇതിൽ ഉണ്ടെന്നോ ഉള്ള കൃത്യമായ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല. എന്നാൽ, കൂടുതൽ വിമാനങ്ങൾ വരും ദിവസങ്ങളിൽ മേഖലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് അയക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് ടോമി പിഗോട്ട് അറിയിച്ചു.
യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 മുതൽ ഇതുവരെ ഏകദേശം 20,000 അമേരിക്കൻ പൗരന്മാർ പശ്ചിമേഷ്യയിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിയതായാണ് കണക്കുകൾ. ഇതിൽ പതിനായിരത്തോളം പേരെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് നേരിട്ട് സഹായിച്ചിട്ടുണ്ട്. വിമാനങ്ങളുടെ ലഭ്യത കുറവായതിനാൽ പലരും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും, ലഭ്യമായ വാണിജ്യ വിമാനങ്ങൾ വഴിയും പുതിയ ചാർട്ടർ സർവീസുകൾ വഴിയും എല്ലാവരെയും എത്രയും വേഗം ഒഴിപ്പിക്കാനാണ് നീക്കം. ഇസ്രായേൽ, യുഎഇ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലുള്ള തങ്ങളുടെ പൗരന്മാരോട് ഉടൻ തന്നെ ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ അമേരിക്ക നിർദ്ദേശം നൽകിയിട്ടുണ്ട്.
മറ്റു രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ ദിവസങ്ങൾക്ക് മുമ്പേ ഒഴിപ്പിച്ചു തുടങ്ങിയപ്പോൾ അമേരിക്ക വൈകിയാണ് നടപടികൾ സ്വീകരിച്ചതെന്ന വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്. എന്നാൽ, ഇറാനിലെ ആക്രമണങ്ങൾ തുടങ്ങിയ അതേ ആഴ്ച അവസാനം തന്നെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിരുന്നു എന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ വിശദീകരണം. മേഖലയിലുടനീളം ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ, എല്ലാ അമേരിക്കൻ പൗരന്മാരും എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഭരണകൂടം കർശന മുന്നറിയിപ്പ് നൽകി.














