
വാഷിംഗ്ടൺ: ബഹിരാകാശ വിസ്മയങ്ങൾ തീർക്കുന്ന ഇലോൺ മസ്ക് തന്റെ മുൻഗണനകളിൽ വലിയ മാറ്റം വരുത്തുന്നു. ചൊവ്വയിൽ മനുഷ്യവാസം തുടങ്ങുക എന്ന തന്റെ സ്വപ്നപദ്ധതിക്ക് താൽക്കാലികമായി അവധി നൽകി, ചന്ദ്രനിൽ മനുഷ്യർക്കായി ഒരു നഗരം നിർമ്മിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മസ്കിന്റെ കമ്പനിയായ സ്പേസ് എക്സ്. ചന്ദ്രനിൽ സ്വയം വളരുന്ന ഒരു നഗരം നിർമ്മിക്കുക എന്നതാണ് തന്റെ പുതിയ ലക്ഷ്യമെന്ന് എക്സിലൂടെ (X) അദ്ദേഹം വെളിപ്പെടുത്തി.
ചൊവ്വയെ അപേക്ഷിച്ച് ചന്ദ്രനിൽ മനുഷ്യവാസം തുടങ്ങുന്നത് വളരെ വേഗത്തിൽ സാധ്യമാകുമെന്നാണ് മസ്കിന്റെ കണക്കുകൂട്ടൽ. ചൊവ്വയിലേക്ക് ഒരു ദൗത്യം അയക്കാൻ രണ്ട് ഗ്രഹങ്ങളും കൃത്യമായി വിന്യസിക്കപ്പെടുന്ന 26 മാസത്തെ ഇടവേള വരെ കാത്തിരിക്കണം. എന്നാൽ ചന്ദ്രനിലേക്ക് ഓരോ പത്ത് ദിവസത്തിലും വിക്ഷേപണം നടത്താൻ സാധിക്കും. കൂടാതെ, ചൊവ്വയിലേക്കുള്ള യാത്രയ്ക്ക് ആറ് മാസം എടുക്കുമ്പോൾ ചന്ദ്രനിലെത്താൻ വെറും രണ്ട് ദിവസം മതിയാകും. അടുത്ത പത്ത് വർഷത്തിനുള്ളിൽ ചന്ദ്രനിലെ നഗരം യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നും എന്നാൽ ചൊവ്വയിൽ സമാനമായ പദ്ധതി നടപ്പിലാക്കാൻ 20 വർഷത്തിലധികം വേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മസ്ക് വിഭാവനം ചെയ്യുന്ന ‘സ്വയം വളരുന്ന നഗരം’ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. നാസയുടെ ചാന്ദ്ര ദൗത്യങ്ങളുമായി ഇത് എങ്ങനെ യോജിച്ചുപോകുമെന്നും ലോകം ഉറ്റുനോക്കുന്നു. എങ്കിലും ചൊവ്വയെ താൻ പൂർണ്ണമായും ഉപേക്ഷിച്ചിട്ടില്ലെന്നും അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ അവിടെയും നഗര നിർമ്മാണം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ് എഐ, സ്പേസ് എക്സുമായി ലയിച്ച് ലോകത്തെ ഏറ്റവും മൂല്യമുള്ള സ്വകാര്യ കമ്പനിയായി മാറിയതിന് തൊട്ടുപിന്നാലെയാണ് ഈ നിർണ്ണായക പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.















