
നാസയുടെ (NASA) നേതൃത്വത്തിൽ നടക്കുന്ന ആർട്ടെമിസ് പ്രോഗ്രാമിലെ ആദ്യത്തെ മനുഷ്യസഞ്ചാര ദൗത്യമാണ് ആർട്ടെമിസ് II. 1972-ലെ അപ്പോളോ 17-ന് ശേഷം ചന്ദ്രനിലേക്ക് മനുഷ്യർ യാത്ര ചെയ്യുന്ന ആദ്യത്തെ ദൗത്യം കൂടിയാണിത്. 4 ബഹിരാകാശയാത്രികർ ചന്ദ്രനെ വലംവെച്ച് ഭൂമിയിലേക്ക് തിരികെ വരുന്ന പരീക്ഷണ പറക്കലാണിത്. ഇതിൽ ചന്ദ്രോപരിതലത്തിൽ ഇറങ്ങില്ല. ആർട്ടെമിസ് II ദൗത്യത്തിലൂടെ ചന്ദ്രനെ വലംവെക്കാൻ തയ്യാറെടുക്കുന്നത് നാല് ബഹിരാകാശയാത്രികരാണ്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്, ജെറമി ഹാൻസൺ എന്നീ നാല് പേരാണ് ഈ ദൗത്യത്തിൽ ഉൾപ്പെടുന്നത്.
റീഡ് വൈസ്മാൻ ( മിഷൻ കമാൻഡർ): ദൗത്യത്തിന് നേതൃത്വം നൽകുന്നത് ഇദ്ദേഹമാണ്. മുൻപ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഫ്ലൈറ്റ് എഞ്ചിനീയറായി പ്രവർത്തിച്ചിട്ടുള്ള അമേരിക്കൻ നാവികസേനയിലെ പൈലറ്റാണ് വൈസ്മാൻ.
വിക്ടർ ഗ്ലോവർ ( പൈലറ്റ്): ആർട്ടെമിസ് II-ൽ പൈലറ്റായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം ചന്ദ്രൻ്റെ ഭ്രമണപഥത്തിലെത്തുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരനായി മാറും.
ക്രിസ്റ്റീന കോക്ക് ( മിഷൻ സ്പെഷ്യലിസ്റ്റ്): ചന്ദ്രനിലേക്ക് പോകുന്ന ആദ്യ വനിത എന്ന ചരിത്രപരമായ നേട്ടം ക്രിസ്റ്റീനയ്ക്കായിരിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം (328 ദിവസം) താമസിച്ച വനിത എന്ന റെക്കോർഡും ഇവർക്കുണ്ട്.
ജെറമി ഹാൻസൺ (മിഷൻ സ്പെഷ്യലിസ്റ്റ്): കനേഡിയൻ സ്പേസ് ഏജൻസിയിൽ (CSA) നിന്നുള്ള ഇദ്ദേഹം, ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയാകും.
ചന്ദ്രനിലേക്കും പിന്നീട് ചൊവ്വയിലേക്കും മനുഷ്യനെ സ്ഥിരമായി എത്തിക്കാനുള്ള നാസയുടെ ബൃഹത്തായ പദ്ധതിയുടെ നിർണ്ണായകമായ ഒരു ചുവടുവെപ്പാണ് ആർട്ടെമിസ് II. ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) ആണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. യാത്രികർ ‘ഇൻ്റഗ്രിറ്റി’ എന്ന് പേരിട്ടിരിക്കുന്ന ഓറിയോൺ കാപ്സ്യൂളിലാണ് സഞ്ചരിക്കുക.
ഓറിയോൺ പേടകത്തിലെ എയർ പ്യൂരിഫിക്കേഷൻ, ജലലഭ്യത, താപനില നിയന്ത്രണം തുടങ്ങിയ ജീവൻരക്ഷാ സംവിധാനങ്ങൾ ബഹിരാകാശയാത്രികരുടെ സാന്നിധ്യത്തിൽ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക എന്നതാണ് ഇതിൻ്റെ ലക്ഷ്യങ്ങളിലൊന്ന്. 50 വർഷങ്ങൾക്ക് ശേഷം മനുഷ്യർ ആദ്യമായി ചന്ദ്രന്റെ മറുവശത്തിന് അരികിലെത്തി നിരീക്ഷണം നടത്തുക, ഓറിയോൺ ബഹിരാകാശ പേടകത്തിലെ ജീവൻരക്ഷാ സംവിധാനങ്ങൾ, ആശയവിനിമയം തുടങ്ങിയവ ഭൗമ ഭ്രമണപഥത്തിന് പുറത്തുള്ള വിശാലമായ ബഹിരാകാശ മേഖലയായ ഡീപ്പ് സ്പേസ് സാഹചര്യങ്ങളിൽ പരീക്ഷിക്കുക തുടങ്ങിയതാണ് ദൌത്യ ലക്ഷ്യം.
ഏകദേശം 10 ദിവസം നീണ്ടുനിൽക്കുന്ന ദൗത്യമായിരിക്കും ഇത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരിയിലായിരിക്കും വിക്ഷേപണം നടക്കുക.
NASA’s Artemis II mission launches this month; these are the four people preparing to fly to the far side of the moon











