
ബ്രസ്സൽസ്: തുർക്കിയുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി എത്തിയ മിസൈൽ നാറ്റോ സേന വിജയകരമായി തടഞ്ഞുവെന്ന് ഔദ്യോഗിക സ്ഥിരീകരണം. നാറ്റോ വക്താവ് ആലിസൺ ഹാർട്ട് ആണ് സമൂഹമാധ്യമമായ എക്സിലൂടെ ഈ വിവരം പുറത്തുവിട്ടത്. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, തുർക്കിയെ ലക്ഷ്യമിട്ടുള്ള മിസൈൽ ഭീഷണികൾ തടയുന്നതിൽ നാറ്റോ സേന അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്ന് വക്താവ് വ്യക്തമാക്കി.
ഏതൊരു ഭീഷണിയിൽ നിന്നും തങ്ങളുടെ സഖ്യകക്ഷികളെ സംരക്ഷിക്കാൻ നാറ്റോ പൂർണ്ണ സജ്ജമാണെന്ന് ആലിസൺ ഹാർട്ട് പ്രസ്താവനയിൽ ആവർത്തിച്ചു. സഖ്യരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നാറ്റോ എന്നും ഉറച്ചുനിൽക്കുമെന്നും ഏത് തരത്തിലുള്ള അധിനിവേശത്തെയും പ്രതിരോധിക്കാൻ സന്നദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെയും തുർക്കിയെ ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ നാറ്റോ വെടിവെച്ചിട്ടിരുന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷം അയൽരാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതിനിടയിലാണ് നാറ്റോയുടെ ഈ നിർണ്ണായക ഇടപെടൽ.
തർക്കിയെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ബാലസ്റ്റിക് മിസൈൽ ആക്രമണ ശ്രമത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ശക്തമായി അപലപിച്ചു. മേഖലയിലെ സാഹചര്യം കൂടുതൽ വഷളാക്കുന്ന അപകടകരമായ നീക്കമാണിതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. തുർക്കിയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച മിസൈൽ നാറ്റോയുടെ വ്യോമപ്രതിരോധ സംവിധാനം തടയുകയും നശിപ്പിക്കുകയും ചെയ്തതായി മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തുർക്കിയെ ലക്ഷ്യമിട്ട് നടക്കുന്ന രണ്ടാമത്തെ ആക്രമണശ്രമമാണിതെന്ന് യുഎഇ ചൂണ്ടിക്കാട്ടി. ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണിതെന്നും പ്രാദേശിക സുരക്ഷയ്ക്ക് ഇത് വലിയ ഭീഷണിയാണെന്നും മന്ത്രാലയം വിലയിരുത്തി. അയൽരാജ്യങ്ങൾക്കും സൗഹൃദ രാജ്യങ്ങൾക്കും നേരെ തുടർച്ചയായി നടക്കുന്ന ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും, ഇത് മിഡിൽ ഈസ്റ്റിലുടനീളം വലിയ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും യുഎഇ മുന്നറിയിപ്പ് നൽകി.













