ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി: കൂടെനിൽക്കാത്ത നാറ്റോ രാജ്യങ്ങൾ ഭീരുക്കൾ; പണി തരുമെന്ന് ട്രംപിൻ്റെ ഭീഷണി

വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നീക്കങ്ങളിലും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത നിയന്ത്രണത്തിലും അമേരിക്കയെ സഹായിക്കാൻ വിമുഖത കാട്ടിയ നാറ്റോ (NATO) രാജ്യങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സഖ്യകക്ഷികളെ ‘ഭീരുക്കൾ’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഈ നിലപാട് അമേരിക്ക മറക്കില്ലെന്നും മുന്നറിയിപ്പ് നൽകി.

തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയായിരുന്നു ട്രംപിൻ്റെ രൂക്ഷവിമർശനം. “ഭീരുക്കൾ, ഇത് ഞങ്ങൾ ഓർത്തുവയ്ക്കും,” എന്നാണ് അദ്ദേഹം കുറിച്ചത്.

“അമേരിക്കയില്ലാതെ നാറ്റോ (NATO) എന്നത് ഒരു കടലാസ് പുലി മാത്രമാണ്! ആണവായുധമുള്ള ഇറാനെതിരായ പോരാട്ടത്തിൽ പങ്കുചേരാൻ അവർ ആഗ്രഹിച്ചില്ല. ഇപ്പോൾ ആ പോരാട്ടം സൈനികമായി ജയിച്ചു കഴിഞ്ഞപ്പോൾ, തങ്ങൾ നൽകേണ്ടി വരുന്ന ഉയർന്ന ഇന്ധന വിലയെക്കുറിച്ച് അവർ പരാതിപ്പെടുന്നു. എന്നാൽ ഹോർമുസ് കടലിടുക്ക് തുറക്കാൻ സഹായിക്കാൻ അവർ തയ്യാറല്ല. വളരെ കുറഞ്ഞ അപകടസാധ്യതയുള്ള ലളിതമായ ഒരു സൈനിക നീക്കമാണത്. ഭീരുക്കൾ, ഇത് ഞങ്ങൾ ഓർത്തുവയ്ക്കും!”- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ നാറ്റോ രാജ്യങ്ങളുടെ സജീവ പങ്കാളിത്തം ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം സഖ്യകക്ഷികൾ തള്ളിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ഇറാൻ്റെ ഭാഗത്തുനിന്നുള്ള ഭീഷണി തടയാൻ സംയുക്ത സൈനിക നീക്കം വേണമെന്നായിരുന്നു അമേരിക്കയുടെ നിലപാട്. എന്നാൽ ഇതിൽ നേരിട്ട് പങ്കാളികളാകുന്നത് സംഘർഷം വർധിപ്പിക്കുമെന്ന് ഭയന്നാണ് പല യൂറോപ്യൻ രാജ്യങ്ങളും വിട്ടുനിന്നത്.

നാറ്റോ സഖ്യകക്ഷികൾ പ്രതിരോധത്തിനായി കൂടുതൽ തുക ചിലവഴിക്കണമെന്നും അമേരിക്കയുടെ മേൽ മാത്രം ഭാരം അടിച്ചേൽപ്പിക്കരുതെന്നും ട്രംപ് നേരത്തെയും കർശന നിലപാട് സ്വീകരിച്ചിരുന്നു. അതേസമയം, ട്രംപിൻ്റെ പുതിയ പ്രസ്താവന നാറ്റോ രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കൂടുതൽ വിള്ളലുകൾ വീഴ്ത്തിയേക്കും.

NATO countries are cowards; Trump threatens to do the work.

More Stories from this section

family-dental
witywide