
അങ്കാറ: ഇറാനിൽ നിന്ന് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ തുർക്കി വ്യോമാതിർത്തിയിൽ വെച്ച് നാറ്റോ സേന തകർത്തു. കിഴക്കൻ മെഡിറ്ററേനിയനിൽ വിന്യസിച്ചിട്ടുള്ള നാറ്റോയുടെ വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങളാണ് മിസൈലിനെ വിജയകരമായി പ്രതിരോധിച്ചത്. ഇറാൻ-അമേരിക്ക സംഘർഷം ആരംഭിച്ചതിന് ശേഷം നാലാം തവണയാണ് ഇത്തരത്തിൽ ഇറാന്റേതെന്ന് സംശയിക്കുന്ന മിസൈലുകൾ തുർക്കിക്ക് മുകളിൽ വെച്ച് തകർക്കപ്പെടുന്നത്.
ഇറാനിൽ നിന്ന് വിക്ഷേപിച്ച മിസൈൽ തുർക്കി വ്യോമാതിർത്തിയിൽ പ്രവേശിച്ചതായും ഉടൻ തന്നെ അത് നിർവീര്യമാക്കിയതായും തുർക്കി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സിലൂടെ’ സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനും വ്യോമാതിർത്തിക്കും നേരെയുള്ള ഏത് ഭീഷണിയെയും ഒട്ടും മടിക്കാതെ നേരിടുമെന്നും മന്ത്രാലയം വ്യക്തമാക്കി. മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, തുർക്കിക്ക് നേരെ തങ്ങൾ മിസൈലുകൾ തൊടുത്തുവിട്ടു എന്ന ആരോപണം ഇറാൻ മുൻപും നിഷേധിച്ചിട്ടുണ്ട്. എന്നാൽ നാറ്റോ സംവിധാനങ്ങൾ കൃത്യമായി മിസൈലിന്റെ ഉറവിടം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മിഡിൽ ഈസ്റ്റിലെ യുദ്ധം അയൽരാജ്യങ്ങളിലേക്കും വ്യാപിക്കുന്നു എന്നതിന്റെ സൂചനയാണ് തുർക്കി അതിർത്തിയിലുണ്ടായ ഈ സംഭവം. നാറ്റോ സഖ്യകക്ഷിയായ തുർക്കിയുടെ സുരക്ഷ ഉറപ്പാക്കാൻ മെഡിറ്ററേനിയൻ മേഖലയിൽ കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്.














