
വാഷിംഗ്ടൺ: സിറിയയിലെ സമാധാന ശ്രമങ്ങളിലും മറ്റ് അന്താരാഷ്ട്ര വിഷയങ്ങളിലും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തുന്ന ഇടപെടലുകളെ പ്രശംസിച്ച് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. ട്രംപ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട മാർക്ക് റുട്ടെയുടെ സ്വകാര്യ സന്ദേശം ആധികാരികമാണെന്ന് നാറ്റോ വക്താവ് സ്ഥിരീകരിച്ചു. “പ്രിയപ്പെട്ട ഡോണൾഡ്, സിറിയയിൽ താങ്കൾ കൈവരിച്ച നേട്ടം അവിശ്വസനീയമാണ്” എന്നാണ് റുട്ടെ സന്ദേശത്തിൽ കുറിച്ചത്. സിറിയയിലെ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ട്രംപിന്‍റെ വിജയത്തെയാണ് റുട്ടെ ഇതിലൂടെ ഉദ്ദേശിച്ചതെന്നാണ് സൂചന.
ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ ട്രംപിന്‍റെ പ്രവർത്തനങ്ങളെ താൻ ഉയർത്തിക്കാട്ടുമെന്ന് റുട്ടെ ഉറപ്പുനൽകി. സിറിയക്ക് പുറമെ ഗാസ, യുക്രൈൻ എന്നീ വിഷയങ്ങളിൽ ട്രംപ് നടത്തുന്ന നീക്കങ്ങളും ലോകത്തിന് മുന്നിൽ വിശദീകരിക്കുമെന്നും അദ്ദേഹം സന്ദേശത്തിൽ പറയുന്നു. വിവാദമായ ഗ്രീൻലാൻഡ് വിഷയത്തിലും ട്രംപിനൊപ്പം നിൽക്കുമെന്ന സൂചനയാണ് റുട്ടെ നൽകുന്നത്. ഗ്രീൻലാൻഡ് വിഷയത്തിൽ പ്രായോഗികമായ ഒരു വഴി കണ്ടെത്താൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് നാറ്റോ തലവൻ വ്യക്തമാക്കി.
ട്രംപിന്‍റെ വിദേശനയങ്ങളെ റുട്ടെ മുൻപും പിന്തുണച്ചിട്ടുണ്ട്. റഷ്യ – യുക്രൈൻ ചർച്ചകൾക്ക് തുടക്കമിട്ടതിനെയും ഇറാന്‍റെ ആണവ പദ്ധതിയോടുള്ള ട്രംപിന്‍റെ നിലപാടിനെയും അദ്ദേഹം നേരത്തെ പ്രശംസിച്ചിരുന്നു. ട്രംപിന്‍റെ ഗ്രീൻലാൻഡ് നീക്കങ്ങളെ യൂറോപ്യൻ നേതാക്കൾ രൂക്ഷമായി എതിർക്കുന്നതിനിടയിലാണ് നാറ്റോ തലവന്‍റെ ഈ പിന്തുണയെന്നത് ശ്രദ്ധേയമാണ്. ട്രംപും റുട്ടെയും തമ്മിലുള്ള ഈ അടുത്ത ബന്ധം വരാനിരിക്കുന്ന ജി7 ഉച്ചകോടിയിലും ദാവോസിലും നിർണ്ണായകമാകും.















