ട്രംപിനെതിരെ നിയമപോരാട്ടത്തിൽ കട്ടയ്ക്ക് നിന്നത് നീൽ കത്യാൽ, യുഎസ് സുപ്രീംകോടതിയുടെ നിർണായക വിധിയിലൂടെ ശ്രദ്ധേയനായി ഷിക്കാഗോയിൽ ജനിച്ച ഇന്ത്യൻ-അമേരിക്കൻ അഭിഭാഷകൻ

വാഷിംഗ്ടൺ: ഇന്ത്യൻ കുടിയേറ്റക്കാരുടെ മകൻ, പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ വ്യാപകമായ ഇറക്കുമതി നികുതികൾ റദ്ദാക്കിയ സുപ്രധാന സുപ്രീം കോടതി വിധിയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി. ട്രംപിൻ്റെ ഇറക്കുമതി തീരുവകൾക്കെതിരെ യുഎസ് സുപ്രീം കോടതിയിൽ നടന്ന നിയമപോരാട്ടത്തിൽ നിർണ്ണായക വിജയം നേടിയ ഇന്ത്യൻ-അമേരിക്കൻ അഭിഭാഷകനാണ് നീൽ കത്യാൽ. വെള്ളിയാഴ്ച പുറത്തുവന്ന ചരിത്രപരമായ വിധിയിലൂടെ ട്രംപ് ഏർപ്പെടുത്തിയ വിപുലമായ തീരുവകൾ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

ട്രംപിൻ്റെ രണ്ടാം ഭരണകാലത്ത് നടപ്പിലാക്കിയ “ലിബറേഷൻ ഡേ” തീരുവകൾക്കെതിരെ ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്കായി വാദിച്ചവ്യക്തിയായിരുന്നു നീൽ കത്യാൽ. 1977-ലെ ‘ഇൻ്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട്’ (IEEPA) ദുരുപയോഗം ചെയ്ത് പ്രസിഡൻ്റ് നികുതികൾ ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മുൻ ആക്ടിംഗ് സോളിസിറ്റർ ജനറലായ നീൽ കത്യാൽ വാദിച്ചു.

“അമേരിക്കയിൽ കോൺഗ്രസിന് മാത്രമേ ജനങ്ങൾക്ക് മേൽ നികുതി ചുമത്താൻ അധികാരമുള്ളൂ” എന്ന നീൽ കത്യാലിൻ്റെ വാദം യുഎസ് സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. ഭരണഘടന പ്രസിഡൻ്റിനേക്കാൾ ശക്തമാണെന്ന സന്ദേശമാണ് ഈ വിധി നൽകുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. “ഇന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതി നിയമവാഴ്ചയ്ക്കും അമേരിക്കക്കാർക്കും വേണ്ടി നിലകൊണ്ടു. അതിന്റെ സന്ദേശം ലളിതമായിരുന്നു: പ്രസിഡന്റുമാർ ശക്തരാണ്, പക്ഷേ നമ്മുടെ ഭരണഘടന അതിലും ശക്തമാണ്. അമേരിക്കയിൽ കോൺഗ്രസിന് (പാർലമെന്റ്) മാത്രമേ ജനങ്ങൾക്ക് മേൽ നികുതി ചുമത്താൻ അധികാരമുള്ളൂ.”- വിധിക്കു പിന്നാലെ കത്യാൽ പറഞ്ഞു.

ഈ വിധിയെ ഭരണഘടനാപരമായ ഒരു നാഴികക്കല്ലായാണ് കത്യാൽ വിശേഷിപ്പിച്ചത്. “ഞങ്ങളുടെ നിയമപോരാട്ടത്തിൽ ഞങ്ങൾ ആവശ്യപ്പെട്ടതെല്ലാം സുപ്രീം കോടതി നൽകി. എല്ലാം,” അദ്ദേഹം പറഞ്ഞു. “ഈ കേസ് ഏതെങ്കിലും ഒരു വ്യക്തിയെക്കുറിച്ചല്ല, മറിച്ച് പ്രസിഡന്റ് എന്ന പദവിയെക്കുറിച്ചാണ്. ഇത് രാഷ്ട്രീയത്തെക്കുറിച്ചല്ല, മറിച്ച് അധികാര വികേന്ദ്രീകരണത്തെക്കുറിച്ചാണ്. 250 വർഷമായി നമ്മുടെ സർക്കാരിന്റെ ആധാരശിലയായി നിലകൊള്ളുന്ന സുപ്രീം കോടതി നമ്മുടെ മൗലിക മൂല്യങ്ങളെ സംരക്ഷിക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” കത്യാൽ കൂട്ടിച്ചേർത്തു.

ഷിക്കാഗോയിൽ ഒരു ഡോക്ടറുടെയും എൻജിനീയറുടെയും മകനായി ജനിച്ച നീൽ കത്യാൽ, കരിയറിലുടനീളം നിർണ്ണായകമായ ഭരണഘടനാ കേസുകളാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ഡാർട്ട്മൗത്ത് കോളേജിലും യേൽ ലോ സ്കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം സുപ്രീം കോടതി ജസ്റ്റിസ് സ്റ്റീഫൻ ബ്രയറുടെ കീഴിൽ ക്ലർക്കായി പ്രവർത്തിച്ചിട്ടുണ്ട്. 2010-ൽ പ്രസിഡൻ്റായിരുന്ന ബരാക് ഒബാമയാണ് അദ്ദേഹത്തെ ആക്ടിംഗ് സോളിസിറ്റർ ജനറലായി നിയമിച്ചത്. സുപ്രീം കോടതിയിലും രാജ്യത്തെ വിവിധ അപ്പീൽ കോടതികളിലും അദ്ദേഹം സർക്കാരിനെ പ്രതിനിധീകരിച്ചു. സുപ്രീം കോടതിയിൽ 50-ലധികം കേസുകൾ വാദിച്ച അദ്ദേഹം, ഈ നേട്ടം കൈവരിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള അഭിഭാഷകരിൽ റെക്കോർഡ് സൃഷ്ടിച്ച വ്യക്തി കൂടിയാണ്. നിലവിൽ മിൽബാങ്ക് എന്ന പ്രമുഖ നിയമ സ്ഥാപനത്തിൻ്റെ അപ്പീൽ വിഭാഗം തലവനാണ്.

Neal Katyal, who stood firm in the legal battle against Trump, is an Indian-American lawyer who rose to prominence with a landmark ruling by the US Supreme Court.