ഇറാനിൽ ഇന്‍റർനെറ്റ് ബ്ലാക്ക്ഔട്ട്, വിവരങ്ങൾ പുറംലോകമറിയാത്ത അതീവ ഗുരുതരമായ സാഹചര്യം; ഭരണകൂടം മനപൂർവ്വം ചെയ്തതെന്ന് സൂചന

ടെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രായേലിന്‍റെയും സംയുക്ത സൈനിക നീക്കം ശക്തമായതോടെ ഇറാനിൽ ഇന്‍റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും തടസപ്പെട്ടു. ആഗോള ഇന്‍റർനെറ്റ് നിരീക്ഷണ ഏജൻസിയായ ‘നെറ്റ്‌ബ്ലോക്സ്’ (NetBlocks) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, രാജ്യത്തെ ഇന്‍റർനെറ്റ് ബന്ധം സാധാരണ നിലയുടെ വെറും നാല് ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇതോടെ ഇറാനിൽ നിന്നുള്ള വിവരങ്ങൾ പുറംലോകമറിയാത്ത അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്.

മിസൈൽ ആക്രമണങ്ങളും വ്യോമാക്രമണങ്ങളും തുടരുന്നതിനിടെ, വിവരങ്ങൾ കൈമാറുന്നതും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതും തടയാൻ ഇറാനിയൻ ഭരണകൂടം തന്നെ ബോധപൂർവ്വം ഇന്‍റർനെറ്റ് വിച്ഛേദിച്ചതാണെന്നാണ് സൂചന. കഴിഞ്ഞ വർഷം ജൂണിൽ ഇസ്രായേലുമായി നടന്ന യുദ്ധസമയത്തും സമാനമായ രീതിയിൽ രാജ്യം ഡിജിറ്റൽ ലോകത്ത് നിന്ന് ഒറ്റപ്പെട്ടിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിന്‍റെ ഭാഗമായി ജനുവരി മാസത്തിലും ഇറാനിൽ ദീർഘകാലം ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നു.

ഇറാൻ വാർത്താ ഏജൻസിയായ ഐആർഎൻഎ (IRNA) ഉൾപ്പെടെയുള്ള ഔദ്യോഗിക മാധ്യമങ്ങളുടെ വെബ്‌സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്‍റർനെറ്റ് നിലച്ചതോടെ ബാങ്കിംഗ് സേവനങ്ങളും ദൈനംദിന ഡിജിറ്റൽ ഇടപാടുകളും പൂർണ്ണമായും സ്തംഭിച്ചു. രാജ്യത്തിനകത്ത് എന്ത് സംഭവിക്കുന്നു എന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും, സാധാരണക്കാരുടെ ആശയവിനിമയത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നത് ആശങ്കാജനകമാണെന്നും മനുഷ്യാവകാശ സംഘടനകൾ പ്രതികരിച്ചു.

Also Read

More Stories from this section

family-dental
witywide