കൊച്ചി: നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാർ അപകടക്കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി. പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. ഇന്നലെ വാദം പൂർത്തിയായ ജാമ്യാപേക്ഷയിൽ ഇന്ന് ഉച്ചയ്ക്കാണ് കോടതി വിധി പ്രസ്താവിച്ചത്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദങ്ങൾ പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.
വാദി-പ്രതി ഭാഗങ്ങളുടെ ശക്തമായ വാദപ്രതിവാദങ്ങൾക്കാണ് കോടതി മുറി സാക്ഷ്യം വഹിച്ചത്. എഫ്.ഐ.ആർ തയ്യാറാക്കിയതിൽ ദുരൂഹതയുണ്ടെന്നും, സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തത് അപകടം വിളിച്ചുവരുത്തുന്നതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. ബി.എൻ.എസ് 105 വകുപ്പ് ചുമത്താൻ തക്ക തെളിവുകളില്ലെന്നും, ഇതൊരു സാധാരണ വാഹനാപകടം മാത്രമാണെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. എന്നാൽ, സ്കൂട്ടറിൽ മൂന്നുപേരുണ്ടായിരുന്നു എന്നത് കൊണ്ട് പ്രതികളുടെ കുറ്റവിമുക്തിക്ക് കാരണമാകില്ലെന്ന് വ്യക്തമാക്കിയ ജഡ്ജ്, മൂന്നുപേർ ഒരുമിച്ച് പോയത് കൊണ്ടാണോ വാഹനം ഇടിച്ചതെന്ന നിർണായക മറുചോദ്യവും ഉന്നയിച്ചിരുന്നു.
പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. പ്രതികളുടെ രക്ത-മൂത്ര പരിശോധനകളിൽ നിന്ന് അവർ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും, വാഹനത്തിന്റെ ഇ.ഡി.ആർ (EDR) പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 19 വയസ്സുള്ള ഡ്രൈവർക്ക് താൻ ചെയ്ത കുറ്റത്തിന്റെയും അതിന്റെ ഭവിഷ്യത്തിന്റെയും ഗൗരവം വ്യക്തമായി അറിയാമായിരുന്നുവെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഈ വാദങ്ങൾ മുഖവിലയ്ക്കെടുത്താണ് കോടതി ജാമ്യഹർജി തള്ളിയത്.
Nedumbassery Mini Cooper Accident: Court Rejects Bail Plea of Accused Amid Strong Prosecution Arguments













