ട്രംപിന് നന്ദി, നെതന്യാഹുവിന്‍റെ ആദ്യ പ്രതികരണം പുറത്ത്; ഭീകര ഭരണകൂടത്തെ തകർക്കും, ഇറാനിൽ ഭരണമാറ്റത്തിന് ആഹ്വാനം

ടെൽ അവീവ്: ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, ടെഹ്‌റാനിൽ ഭരണമാറ്റത്തിന് ആഹ്വാനം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ശനിയാഴ്ച രാവിലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇറാനിയൻ ജനതയോട് നിലവിലെ ഭരണകൂടത്തെ പുറന്തള്ളാൻ ആവശ്യപ്പെട്ടത്. “സ്വേച്ഛാധിപത്യത്തിന്റെ നുകം എറിഞ്ഞുടയ്ക്കാനും സ്വതന്ത്രവും സമാധാനപരവുമായ ഒരു ഇറാൻ കെട്ടിപ്പടുക്കാനും” അദ്ദേഹം ഇറാനിയൻ ജനതയോട് ആഹ്വാനം ചെയ്തു.

അമേരിക്കയുടെയും ഇസ്രായേലിന്റെയും ഈ സംയുക്ത നീക്കം ധീരരായ ഇറാനിയൻ ജനതയ്ക്ക് അവരുടെ ഭാവി സ്വന്തം കൈകളിലെടുക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രപരമായ നേതൃത്വം നൽകിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ലോകത്തെ ഏറ്റവും അപകടകരമായ ഈ ഭീകര ഭരണകൂടത്തെ മാനവരാശിക്ക് ഭീഷണിയാകുന്ന രീതിയിൽ ആണവായുധങ്ങൾ നിർമ്മിക്കാൻ അനുവദിക്കില്ലെന്നും നെതന്യാഹു ആവർത്തിച്ചു.

കഴിഞ്ഞ വർഷം ജൂണിൽ ഇറാനുമായി നടന്ന 12 ദിവസത്തെ യുദ്ധസമയത്തും സമാനമായ രീതിയിൽ ഭരണകൂടത്തിനെതിരെ ഉയർത്തെഴുന്നേൽക്കാൻ നെതന്യാഹു ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇറാനിലെ ആണവ, മിസൈൽ കേന്ദ്രങ്ങൾ തകർക്കുക എന്നതിലുപരി അവിടുത്തെ നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയെ തന്നെ മാറ്റുക എന്ന ലക്ഷ്യമാണ് ഇസ്രായേലിനുള്ളതെന്ന് ഈ പ്രസ്താവനയിലൂടെ വ്യക്തമാകുന്നു. പശ്ചിമേഷ്യൻ മേഖലയിൽ ഈ നീക്കം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Also Read

More Stories from this section

family-dental
witywide