
ജെറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ പൂർണമായും വ്യാജമാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. ഇസ്രായേൽ-അമേരിക്ക-ഇറാൻ സംഘർഷം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി വധിക്കപ്പെട്ടുവെന്ന കിംവദന്തികൾ വേഗത്തിൽ പടർന്നത്. തുർക്കി ആസ്ഥാനമായുള്ള അനഡോലു ഏജൻസിയുടെ അന്വേഷണത്തിന് മറുപടിയായാണ് നെതന്യാഹു സുരക്ഷിതനാണെന്നും പ്രചരിക്കുന്ന വാർത്തകൾ വെറും വ്യാജപ്രചാരണമാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.
വെള്ളിയാഴ്ച നെതന്യാഹു തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. ഇസ്രായേൽ-ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോയിൽ നെതന്യാഹുവിന്റെ വലതു കൈയിൽ ആറ് വിരലുകൾ ദൃശ്യമാണെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രധാന നിരീക്ഷണം. വീഡിയോയുടെ 35-ാം സെക്കൻഡിൽ വിരലുകൾക്കടുത്തുള്ള അസ്വാഭാവികമായ മാറ്റം വീഡിയോ കൃത്രിമമായി നിർമിച്ചതാണെന്ന സംശയത്തിന് കാരണമായി. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകയായ കാൻഡേസ് ഓവൻസ് ഉൾപ്പെടെയുള്ളവർ നെതന്യാഹു എവിടെയാണെന്നും എന്തിനാണ് എഐ ഉപയോഗിച്ചുള്ള വീഡിയോകൾ പുറത്തുവിടുന്നതെന്നും ചോദ്യങ്ങൾ ഉയർത്തിയതോടെ വിവാദം കൂടുതൽ രൂക്ഷമായി.
വീഡിയോയുടെ പശ്ചാത്തലത്തിലെ ചില മാറ്റങ്ങളും സംശയാസ്പദമാണെന്ന് ചിലർ ആരോപിച്ചു. ഫെബ്രുവരി 28-ന് ഇറാൻ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിനു ശേഷം മേഖലയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഇറാൻ നെതന്യാഹുവിനെതിരെ പ്രതികാരം നടത്തിയേക്കാമെന്ന ഭയം നിലനിൽക്കുന്നതിനാലാണ് ഇത്തരം വാർത്തകൾ വേഗത്തിൽ പ്രചരിച്ചത്. എന്നാൽ വീഡിയോയിലെ ദൃശ്യങ്ങൾ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഭാഗമായുണ്ടാകുന്ന സാധാരണ കാഴ്ചാ പ്രശ്നങ്ങൾ മാത്രമാണെന്നും പ്രധാനമന്ത്രി പൂർണമായും ആരോഗ്യവാനാണെന്നും ഇസ്രായേൽ വൃത്തങ്ങൾ വീണ്ടും ഉറപ്പിച്ചു.














