
വാഷിംഗ്ടൺ: ഇറാൻ അവരുടെ ആണവ പദ്ധതിയെക്കുറിച്ച് ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ ആക്രമിക്കുമെന്ന് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിൽ. ബുധനാഴ്ച വൈറ്റ് ഹൗസിൽ വെച്ച് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. 13 മാസങ്ങൾക്ക് മുമ്പ് ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയതിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി നടത്തുന്ന ഏഴാമത്തെ സന്ദർശനമാണിത്.
“ഈ ചർച്ചകളുടെ തത്വങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് ഞാൻ പ്രസിഡന്റിന് മുന്നിൽ അവതരിപ്പിക്കും, എൻ്റെ അഭിപ്രായത്തിൽ ഈ അടിസ്ഥാന തത്വങ്ങൾ ഇസ്രായേലിന് മാത്രമല്ല, മിഡിൽ ഈസ്റ്റിൽ സമാധാനവും സുരക്ഷയും ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാവർക്കും പ്രധാനപ്പെട്ടതാണ്,” ചൊവ്വാഴ്ച അമേരിക്കയിലേക്കുള്ള വിമാനം കയറുന്നതിന് മുമ്പ് നെതന്യാഹു മാധ്യമപ്രവർത്തകരോട് പറഞ്ഞതിങ്ങനെയായിരുന്നു. ഈ മാസം അവസാനം വാഷിംഗ്ടൺ സന്ദർശിക്കാനാണ് നെതന്യാഹു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും, അമേരിക്കയും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെക്കുറിച്ച് പ്രസിഡൻ്റുമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അദ്ദേഹം യാത്ര നേരത്തെയാക്കുകയായിരുന്നു.
ഇറാൻ അവരുടെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും ആണവ പദ്ധതിയും പുനർനിർമ്മിക്കാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ ഇസ്രായേലി രഹസ്യാന്വേഷണ വിവരങ്ങൾ നെതന്യാഹു നേരിട്ട് ട്രംപിന് കൈമാറുമെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്. എന്നാൽ, കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, ഇസ്രായേൽ പ്രധാനമന്ത്രിയുമായി നിർണ്ണായകമായ തീരുമാനങ്ങൾ ഒന്നിലും എത്തിയിട്ടില്ലെന്നും ഒരു കരാറിൽ എത്താൻ കഴിയുമോ എന്ന് നോക്കാൻ ഇറാനുമായുള്ള ചർച്ചകൾ തുടരണമെന്ന് താൻ നിർബന്ധിച്ചുവെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇറാനുമായുള്ള ഒരു ഉടമ്പടിയാണ് തന്റെ മുൻഗണനയെന്ന് നെതന്യാഹുവിനോട് പറഞ്ഞതായി ട്രംപ് വ്യക്തമാക്കി, എന്നാൽ ഒരു കരാറിൽ എത്താൻ സാധിച്ചില്ലെങ്കിൽ, “അതിൻ്റെ ഫലം എന്തായിരിക്കുമെന്ന് നമുക്ക് കാണേണ്ടി വരും” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് ഇറാനെതിരായ സൈനിക നടപടിക്കുള്ള സാധ്യത നിലനിർത്തുന്നുണ്ട്.
“കഴിഞ്ഞ തവണ ഒരു കരാർ വേണ്ടെന്ന് ഇറാൻ തീരുമാനിച്ചപ്പോൾ അവർക്ക് ‘മിഡ്‌നൈറ്റ് ഹാമർ’ (അമേരിക്കയുടെ ആക്രമണം) നേരിടേണ്ടി വന്നു. അത് അവർക്ക് നല്ല രീതിയിലല്ല ഭവിച്ചത്. ഇത്തവണ അവർ കൂടുതൽ വിവേകത്തോടെയും ഉത്തരവാദിത്തത്തോടെയും പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നു,” ട്രംപ് ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു.
ഇറാൻ്റെ ആണവ പദ്ധതിയെക്കുറിച്ച് വരും ദിവസങ്ങളിൽ ഇറാനിയൻ ഉദ്യോഗസ്ഥരുമായി ട്രംപ് ഭരണകൂടം രണ്ടാം വട്ട ചർച്ചകൾ നടത്താനിരിക്കെയാണ് നെതന്യാഹുവിന്റെ സന്ദർശനം. സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലി കഴിഞ്ഞ വർഷം അവസാനം ഇറാനിൽ ഉണ്ടായ രാഷ്ട്രീയ പ്രതിഷേധങ്ങൾ ഭരണകൂടത്തിൻ്റെ ക്രൂരമായ അടിച്ചമർത്തലിലേക്ക് നീങ്ങിയിരുന്നു. ഇത് ആയിരക്കണക്കിന് മരണങ്ങൾക്കും പതിനായിരക്കണക്കിന് ആളുകളുടെ അറസ്റ്റിനും കാരണമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, വിദേശ പ്രതിനിധികളുടെ ഔദ്യോഗിക സന്ദർശനങ്ങളിൽ സാധാരണയായി ഉണ്ടാകാറുള്ളതുപോലെ യു.എസ് പൂൾ ക്യാമറകളെ ഓവൽ ഓഫീസിലേക്ക് പ്രവേശിപ്പിക്കാത്തതിനാൽ ബുധനാഴ്ചത്തെ നെതന്യാഹുവിൻ്റെ സന്ദർശനം വലിയ ആഘോഷങ്ങളില്ലാതെയാണ് നടന്നത്. എന്നാൽ നെതന്യാഹുവിൻ്റെ ഓഫീസ് അദ്ദേഹത്തിൻ്റെ സമൂഹമാധ്യമ അക്കൗണ്ടിൽ ഒരു ചിത്രം പങ്കുവെച്ചു. വളരെ സ്വകാര്യമായാണ് നെതന്യാഹു വൈറ്റ് ഹൗസിലെത്തിയത്, അദ്ദേഹത്തിൻ്റെ വാഹനത്തിൻ്റെ വരവ് മാത്രമാണ് ക്യാമറകളിൽ പതിഞ്ഞത്.
Netanyahu meets Trump at the White House amid tensions in the Middle East; Trump says no major decisions were made after the meeting















