കഫേയിലിരുന്ന് കൈയിലെ വിരലുകൾ എണ്ണിക്കാണിച്ച് നെതന്യാഹു; മരിച്ചെന്ന പ്രചരണത്തിന് കനത്ത പരിഹാസത്തിൽ മറുപടി

ജറുസലേം: ഇസ്രായേൽ-ഇറാൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ താൻ കൊല്ലപ്പെട്ടുവെന്നും പരിക്കേറ്റുവെന്നുമുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കും ഇറാന്റെ അവകാശവാദങ്ങൾക്കും മറുപടിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ജറുസലേമിന് സമീപമുള്ള ഒരു കഫേയിൽ ഇരുന്ന് കോഫി ഓർഡർ ചെയ്യുന്ന വീഡിയോ പുറത്തുവിട്ടാണ് തന്നെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞത്. ലളിതവും എന്നാൽ പരിഹാസം കലർന്നതുമായ ശൈലിയിലാണ് അദ്ദേഹം വീഡിയോയിൽ സംസാരിക്കുന്നത്.

“എനിക്ക് ഒരു കോഫി കുടിക്കാൻ അതിയായ ആഗ്രഹമുണ്ട്. എന്റെ ജനങ്ങൾക്ക് വേണ്ടിയും ഞാൻ മരിക്കാൻ തയ്യാറാണ്. നമ്മുടെ ജനങ്ങൾ എങ്ങനെയാണ് പെരുമാറുന്നത്? അതിശയകരമായി തന്നെ,” നെതന്യാഹു വീഡിയോയിൽ പറയുന്നു. തുടർന്ന് തന്റെ വിരലുകൾ എണ്ണിക്കാണിച്ചുകൊണ്ട് അദ്ദേഹം ഓൺലൈൻ പ്രചാരണങ്ങളെ പരിഹസിച്ചു. നെതന്യാഹുവിന്റെ പുതിയ വീഡിയോയിൽ അദ്ദേഹത്തിന് ആറ് വിരലുകളുണ്ടെന്നും അതിനാൽ അത് എഡിറ്റ് ചെയ്തതാണെന്നും കാണിച്ച് കഴിഞ്ഞ വാരാന്ത്യത്തിൽ ചില വ്യാജ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ പടർന്നിരുന്നു. ഇതിനെയാണ് വിരലുകൾ എണ്ണിക്കാണിച്ചുകൊണ്ട് അദ്ദേഹം നേരിട്ടത്.

ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസികളാണ് നെതന്യാഹുവിന്റെ മരണത്തെക്കുറിച്ചുള്ള വാർത്തകൾ വലിയതോതിൽ പ്രചരിപ്പിച്ചത്. നെതന്യാഹു ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹത്തെ വധിക്കുമെന്ന് റെവല്യൂഷണറി ഗാർഡ്‌സ് പ്രതിജ്ഞയെടുത്തതായി ‘ഐആർഎൻഎ’ (IRNA) വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. നെതന്യാഹു പരിക്കേറ്റു ചികിത്സയിലാണെന്ന അഭ്യൂഹം നീക്കാൻ അദ്ദേഹം നിർബന്ധിതനാകുകയാണെന്ന് തസ്‌നീം വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നേരിട്ട് ജനങ്ങൾക്ക് മുന്നിലെത്തി തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾ അദ്ദേഹം അവസാനിപ്പിച്ചത്.

More Stories from this section

family-dental
witywide