ട്രംപിന്‍റെ ഭീഷണി ഒരു വശത്ത്, ഇറാനെ തകർക്കാൻ ഇസ്രായേൽ; റെയിൽവേ പാലങ്ങളും പാതകളും തകർത്തു, കടുത്ത നീക്കങ്ങൾ

ജറുസലേം: ഇറാനെതിരെയുള്ള സൈനിക നീക്കം ശക്തമാക്കിക്കൊണ്ട് രാജ്യത്തെ പ്രധാന റെയിൽവേ ശൃംഖലകൾക്കും പാലങ്ങൾക്കും നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഇറാനിയൻ റെവല്യൂഷണറി ഗാർഡ്‌സ് ആയുധങ്ങളും പോരാളികളെയും നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന എട്ട് പ്രധാന പാലങ്ങളും റെയിൽവേ പാതകളും തകർത്തതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇറാനിയൻ വ്യോമതാവളത്തിലെ ഹെലികോപ്റ്ററുകളും ചരക്ക് വിമാനങ്ങളും തകർത്തതിന് പിന്നാലെയാണ് ഗതാഗത സംവിധാനങ്ങൾ ലക്ഷ്യമിട്ടുള്ള ഈ കടുത്ത നടപടി.

ടെഹ്‌റാൻ, കരാജ്, തബ്രിസ്, കാഷാൻ, ഖോം തുടങ്ങിയ പ്രധാന നഗരങ്ങളിലെ പാലങ്ങളാണ് ഇസ്രായേൽ തകർത്തത്. കാഷാനിലെ റെയിൽവേ പാലത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആക്രമണത്തിന് തൊട്ടുമുമ്പ് 12 മണിക്കൂർ നേരത്തേക്ക് ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന് ഇസ്രായേൽ സൈന്യം ഇറാനിയൻ ജനതയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സാധാരണക്കാരെ ലക്ഷ്യം വെച്ചല്ല ഈ നീക്കമെന്നും ഇറാൻ ഭരണകൂടത്തിന്റെ ഭീകരപ്രവർത്തനങ്ങൾ അടിച്ചമർത്താനാണ് സൈന്യം ശ്രമിക്കുന്നതെന്നും നെതന്യാഹു വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ഇസ്രായേൽ ആക്രമണം ശക്തമാക്കിയത്. ട്രംപ് മുന്നറിയിപ്പ് നൽകിയതുപോലെ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ഓരോന്നായി തകർക്കപ്പെടുമെന്ന ഭീതിയിലാണ് മേഖല. സമാധാന കരാറിന് ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യം വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കയും ഇസ്രായേലും ആവർത്തിച്ചു. വരും മണിക്കൂറുകൾ പശ്ചിമേഷ്യയെ സംബന്ധിച്ച് അതീവ നിർണ്ണായകമാണ്.

More Stories from this section

family-dental
witywide