ഇറാൻ ആണവ ചർച്ചകൾക്ക് ചൂടേറുന്നു; ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച ബുധനാഴ്ച വാഷിംഗ്ടണിൽ, പ്രധാന അജണ്ട ഇറാനെക്കുറിച്ച്

വാഷിംഗ്ടൺ: ഇറാൻ ആണവ ചർച്ചകൾ അന്താരാഷ്ട്ര തലത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് വഴിമാറുന്നു. ഇതിന്റെ ഭാഗമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വരും ബുധനാഴ്ച വാഷിംഗ്ടണിൽ വെച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് നെതന്യാഹുവിന്‍റെ ഓഫീസ് ശനിയാഴ്ച ഔദ്യോഗികമായി അറിയിച്ചു. ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചകളും പ്രത്യാഘാതങ്ങളുമായിരിക്കും കൂടിക്കാഴ്ചയിലെ പ്രധാന അജണ്ട.

ഒമാൻ തലസ്ഥാനമായ മസ്‌കറ്റിൽ വെള്ളിയാഴ്ച ഇറാനും അമേരിക്കയും തമ്മിൽ പരോക്ഷമായ ആണവ ചർച്ചകൾ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം എന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. മസ്‌കറ്റിൽ നടന്ന ചർച്ചകൾ സമാധാനപരമായിരുന്നുവെന്നും വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ തുടരുമെന്നും ഇരുപക്ഷവും സൂചന നൽകിയിട്ടുണ്ട്. യുറേനിയം സമ്പുഷ്ടമാക്കാനുള്ള തങ്ങളുടെ അവകാശം അംഗീകരിക്കണമെന്ന് ഇറാൻ ചർച്ചകളിൽ ആവർത്തിച്ചു വ്യക്തമാക്കിയതായി ടെഹ്‌റാനിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഷിയെക്കുറിച്ചുള്ള കാര്യങ്ങൾ ഈ ചർച്ചകളിൽ ഉന്നയിക്കപ്പെട്ടിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.

തങ്ങളുടെ പക്കലുള്ള വിപുലമായ മിസൈൽ ശേഖരം ഒരു ചർച്ചാ വിഷയമാക്കാൻ ഇറാൻ വിസമ്മതിക്കുമ്പോഴും, ഇസ്രായേൽ ഇതിനെ കടുത്ത ഭാഷയിൽ എതിർക്കുകയാണ്. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ നിയന്ത്രിക്കുന്നതും തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള അവരുടെ പിന്തുണ അവസാനിപ്പിക്കുന്നതും ഉൾപ്പെടാത്ത ഒരു ചർച്ചയും അംഗീകരിക്കാനാവില്ലെന്ന കർശന നിലപാടിലാണ് നെതന്യാഹു. വരാനിരിക്കുന്ന ട്രംപ്-നെതന്യാഹു കൂടിക്കാഴ്ചയിൽ ഈ ആവശ്യങ്ങൾ ഇസ്രായേൽ ശക്തമായി ഉന്നയിക്കുമെന്നുറപ്പാണ്.

More Stories from this section

family-dental
witywide