‘അടിസ്ഥാനരഹിതമായ നുണകൾ ആവർത്തിക്കാനാണ് നെതന്യാഹു പ്രസംഗം ഉപയോഗിച്ചത്’: മംദാനി

ന്യൂയോർക്ക്: പലസ്തീനികൾക്കെതിരായ ഇസ്രയേലിന്റെ നടപടികളെ ന്യായീകരിക്കാൻ “അടിസ്ഥാനരഹിതമായ നുണകൾ” ആവർത്തിക്കാനാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎൻ പൊതുസഭയിലെ പ്രസംഗം ഉപയോഗിച്ചതെന്ന് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി. നെതന്യാഹുവിന്റെ പ്രസംഗത്തിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് മംദാനിയുടെ വിമർശനം.

യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റങ്ങളും ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച വ്യക്തിയാണ് നെതന്യാഹുവെന്നും മംദാനി പറഞ്ഞു. “പലതവണ ചെയ്തതുപോലെ, പലസ്തീനികൾക്കെതിരായ തന്റെ നടപടികളെ ന്യായീകരിക്കാനുള്ള അടിസ്ഥാനരഹിതമായ നുണകളാണ് നെതന്യാഹു പ്രസംഗത്തിൽ ആവർത്തിച്ചത്. എന്നാൽ ഒരു നുണയ്ക്കും അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച വ്യക്തിയാണ് നെതന്യാഹു എന്ന വസ്തുത മാറ്റാനാകില്ല,” മംദാനി പറഞ്ഞു.

അതേസമയം, യുഎൻ പൊതുസഭയിലെ പ്രസംഗത്തിൽ മംദാനിക്കെതിരെ രൂക്ഷ വിമർശനമാണ് നെതന്യാഹു ഉന്നയിച്ചത്. ഇസ്രയേലിനെക്കുറിച്ചുള്ള മംദാനിയുടെ “നുണകൾ” ന്യൂയോർക്കിലെ ജൂത സമൂഹത്തെ അപകടത്തിലാക്കുകയാണെന്ന് നെതന്യാഹു ആരോപിച്ചു. മംദാനിയെ “ന്യൂയോർക്കിലെ ജൂതവിരുദ്ധ മേയർ” എന്നും അദ്ദേഹം വിശേഷിപ്പിച്ചു. മംദാനിയുടെ ഭാര്യ റാമ ദുവാജി ഒക്ടോബർ 7-ലെ ആക്രമണത്തെ അനുകൂലിക്കുന്ന പോസ്റ്റ് ലൈക്ക് ചെയ്തതായും ടെൽ അവീവ് നിലനിൽക്കരുതെന്ന് പറയുന്ന മറ്റൊരു പോസ്റ്റും ലൈക്ക് ചെയ്തതായും നെതന്യാഹു ആരോപിച്ചു. ഇസ്രയേൽ വംശഹത്യ നടത്തിയിട്ടില്ലെന്നും വംശഹത്യ തടയുകയാണ് ഇസ്രയേൽ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോർക്കിലെ ആദ്യ മുസ്ലിം മേയറായ മംദാനി നെതന്യാഹുവിന്റെയും ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളുടെയും കടുത്ത വിമർശകനാണ്. നെതന്യാഹുവിനെ “യുദ്ധക്കുറ്റവാളി” എന്നും പലസ്തീൻ ജനതയ്ക്കെതിരായ “ഭീകരമായ വംശഹത്യയുടെ ശിൽപി” എന്നും മംദാനി മുമ്പ് വിശേഷിപ്പിച്ചിട്ടുണ്ട്. ഇസ്രയേലിനെ വിമർശിക്കുന്നതും പലസ്തീൻ അവകാശങ്ങൾക്കായി നിലകൊള്ളുന്നതും ജൂതവിരുദ്ധതയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, നെതന്യാഹുവിന്റെ യുഎൻ സന്ദർശനത്തിനെതിരെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തിന് സമീപം നടന്ന പ്രതിഷേധത്തിൽ ഏകദേശം 100 പേരെ അറസ്റ്റ് ചെയ്തതായി ജൂയിഷ് വോയ്സ് ഫോർ പീസ് അറിയിച്ചു. അറസ്റ്റിലായവരിൽ നടിമാരായ സൂസൻ സറൻഡനും ഹന്ന ഐൻബൈൻഡറും ഉൾപ്പെടുന്നു.

‘Netanyahu used his speech to repeat baseless lies’: Mamdani slams Israel PM over UN address

More Stories from this section

family-dental
witywide