താങ്ക്സ്ഗിവിംഗ് ആഘോഷം മുടക്കി കൊടുങ്കാറ്റ്; അമേരിക്കയിൽ ഇരുട്ടിലായത് ലക്ഷങ്ങൾ, ആയിരക്കണക്കിന് വിമാനങ്ങൾ വൈകി, വ്യാപക നാശനഷ്ടം , തിങ്കളാഴ്ചയോടെ മഴ കനത്തേക്കും

ന്യൂയോർക്ക്: താങ്ക്സ്ഗിവിംഗ് അവധിക്കാലത്ത് അമേരിക്കയുടെ കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിൽ ആഞ്ഞടിച്ച അതിശക്തമായ കൊടുങ്കാറ്റിലും കനത്ത മഴയിലും ലക്ഷക്കണക്കിന് ആളുകൾ വൈദ്യുതിയില്ലാതെ ദുരിതത്തിലായി. വ്യാഴാഴ്ച കിഴക്കൻ മേഖലകളിൽ വീശിയടിച്ച ശക്തമായ കാറ്റ് തീരദേശ വെള്ളപ്പൊക്കത്തിനും കാരണമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും 3.6 ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. വ്യാഴാഴ്ച വൈകുന്നേരം പത്ത് ലക്ഷത്തോളം വീടുകൾ ഇരുട്ടിലായിരുന്നു. പെൻസിൽവാനിയ, വിർജീനിയ, മേരിലാൻഡ്, ന്യൂജേഴ്‌സി എന്നീ സംസ്ഥാനങ്ങളെയാണ് വൈദ്യുതി തടസ്സം ഏറ്റവും കൂടുതൽ ബാധിച്ചത്.

മോശം കാലാവസ്ഥയെത്തുടർന്ന് രാജ്യത്തുടനീളം വ്യോമഗതാഗതം സ്തംഭിച്ചു. വെള്ളിയാഴ്ച മാത്രം 2,700-ലധികം വിമാനങ്ങൾ വൈകുകയും 150-ഓളം സർവീസുകൾ റദ്ദാക്കുകയും ചെയ്തു. വ്യാഴാഴ്ച 2,500-ലധികം വിമാനങ്ങൾ വൈകുകയും 450-ലധികം സർവീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു.

ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ ഏകദേശം അഞ്ച് സെന്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ചരിത്രത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിച്ച താങ്ക്സ്ഗിവിംഗ് ദിനമായിരുന്നു ഇതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാഷിംഗ്ടണിലും സമാനമായ സാഹചര്യമായിരുന്നു. കനത്ത മഴയെത്തുടർന്ന് റീഗൻ വാഷിംഗ്ടൺ നാഷണൽ വിമാനത്താവളത്തിലെ റൺവേകളിൽ വെള്ളം കയറി. ന്യൂയോർക്ക് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ന്യൂയോർക്കിലെ പ്രശസ്തമായ മാസിസ് താങ്ക്സ്ഗിവിംഗ് പരേഡ് ശനിയാഴ്ചത്തേക്ക് മാറ്റിവച്ചു. പരേഡിന്റെ നൂറ് വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു മാറ്റം. ന്യൂജേഴ്‌സിയിലും മേരിലാൻഡിലും റോഡുകളും പാലങ്ങളും അടച്ചു. അടിയന്തര സാഹചര്യം നേരിടാൻ ഫണ്ട് അനുവദിക്കുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്.

പടിഞ്ഞാറൻ തീരത്തും ജാഗ്രതാ നിർദ്ദേശം

അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിലും ശക്തമായ തിരമാലകളും വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നുണ്ട്. സാൻ ഡിയാഗോ, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിൽ എട്ട് അടിയിലധികം ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചു. കാലിഫോർണിയ തീരദേശത്തെ ആംട്രാക്ക് ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഒറിഗോണിൽ ശക്തമായ തിരമാലയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയ ഒരാളെയും വളർത്തുനായയെയും അത്ഭുതകരമായി രക്ഷപ്പെടുത്തി. സാൻ ഫ്രാൻസിസ്കോ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഞായറാഴ്ച വരെ തീരദേശ ജാഗ്രതാ നിർദ്ദേശം തുടരും.

വെള്ളിയാഴ്ചയോടെ കൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞ് കാനഡയിലേക്ക് നീങ്ങുമെന്നും, എന്നാൽ തിങ്കളാഴ്ചയോടെ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെട്ട് വീണ്ടും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Storm disrupts Thanksgiving celebrations; hundreds of thousands left without power in the US, thousands of flights delayed

More Stories from this section

family-dental
witywide