ഇറാനിലെ ഉന്നതർ കൊല്ലപ്പെട്ടെന്ന റിപ്പോ‍ർട്ടിന് പിന്നാലെ പ്രതികരണവുമായി നെതന്യാഹു; ‘ജനങ്ങൾക്ക് നിലവിലെ ഭരണകൂടത്തെ പുറത്താക്കാനുള്ള അവസരമൊരുക്കുന്നു’

ജറുസലേം: ഇറാനിലെ നിർണ്ണായക പദവികൾ വഹിക്കുന്ന ഉന്നത നേതാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്. ഇറാന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ അലി ലാരിജാനി, ബസിജ് സേനാ കമാൻഡർ ഗുലാംറേസ സുലൈമാനി എന്നിവർ കൊല്ലപ്പെട്ടെന്ന അവകാശവാദത്തിന് പിന്നാലെയാണ് ചൊവ്വാഴ്ച നെതന്യാഹു ഔദ്യോഗിക പ്രസ്താവന നടത്തിയത്. ഇറാനിലെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുന്നതിലൂടെ അവിടുത്തെ ജനങ്ങൾക്ക് നിലവിലെ ഭരണകൂടത്തെ പുറത്താക്കാനുള്ള അവസരമൊരുക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് നെതന്യാഹു തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. ഇറാനെ നിയന്ത്രിക്കുന്ന റെവല്യൂഷണറി ഗാർഡ്‌സിന്റെ തലവനായിരുന്നു അലി ലാരിജാനിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സ്വന്തം രാജ്യത്തെ ജനങ്ങൾക്കിടയിൽ ഭീകരത പടർത്തുന്നതിൽ ബസിജ് കമാൻഡർ പ്രധാന പങ്കുവഹിച്ചതായും അദ്ദേഹം ആരോപിച്ചു. ഗൾഫ് മേഖലയിലെ സഖ്യകക്ഷികളുമായുള്ള സഹകരണത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കഴിഞ്ഞ ദിവസം സംസാരിച്ചതായും ഇസ്രായേൽ പ്രധാനമന്ത്രി വെളിപ്പെടുത്തി.

ഗൾഫ് മേഖലയിലെ അമേരിക്കയുടെ സുഹൃദ് രാജ്യങ്ങളെ സഹായിക്കാൻ ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണെന്നും ഇരുരാജ്യങ്ങളുടെയും വ്യോമ-നാവിക സേനകൾ തമ്മിൽ ശക്തമായ ഏകോപനം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ഭരണകൂടത്തിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നതിനായി പരോക്ഷമായ ആക്രമണങ്ങൾക്കൊപ്പം തന്നെ നേരിട്ടുള്ള സൈനിക നടപടികളിലും അമേരിക്കയുമായി സഹകരിക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി. വരാനിരിക്കുന്ന ദിവസങ്ങളിൽ കൂടുതൽ ‘സർപ്രൈസുകൾ’ ഉണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

More Stories from this section

family-dental
witywide