
വാഷിംഗ്ടൺ: നെറ്റ്ഫ്ലിക്സ് പിന്മാറിയതിനെത്തുടർന്ന് വാർണർ ബ്രദേഴ്സ് ഡിസ്കവറി, പാരാമൗണ്ട് സ്കൈഡാൻസുമായി 110 ബില്യൺ ഡോളറിൻ്റെ ഏറ്റെടുക്കൽ കരാറിൽ ഒപ്പിട്ടു. വെള്ളിയാഴ്ച രാവിലെ നടന്ന ഗ്ലോബൽ ടൗൺ ഹാൾ യോഗത്തിൻ്റെ ഓഡിയോ റെക്കോർഡിംഗിനെ ഉദ്ധരിച്ചാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നത്. ഒരു ഓഹരിക്ക് 31 ഡോളർ എന്ന പാരാമൗണ്ടിൻ്റെ പുതുക്കിയ ഓഫറിനൊപ്പം എത്താൻ നെറ്റ്ഫ്ലിക്സ് തയ്യാറാകാത്തതിനെത്തുടർന്നാണ് ഈ തീരുമാനം. നേരത്തെ ഒരു ഓഹരിക്ക് 27.75 ഡോളർ എന്ന നിരക്കിലായിരുന്നു നെറ്റ്ഫ്ലിക്സ് വാഗ്ദാനം നൽകിയിരുന്നത്.
കരാർ ഒപ്പിട്ട വിവരം പാരാമൗണ്ടും വാർണർ ബ്രദേഴ്സും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. പാരാമൗണ്ട് സ്കൈഡാൻസുമായി കരാർ ഒപ്പിട്ട വിവരം വാർണർ ബ്രദേഴ്സിലെ ചീഫ് റെവന്യൂ ആൻഡ് സ്ട്രാറ്റജി ഓഫീസർ ബ്രൂസ് കാംബെൽ ജീവനക്കാരെ അറിയിച്ചു. പാരാമൗണ്ടിൻ്റെ ഓഫറിന് തുല്യമായ തുക നൽകാൻ നെറ്റ്ഫ്ലിക്സിന് നിയമപരമായ അവകാശമുണ്ടായിരുന്നുവെന്നും എന്നാൽ അവർ അതിന് തയ്യാറാകാത്തതിനാലാണ് പാരാമൗണ്ടുമായി കരാറിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോളിവുഡിലെ ഏറ്റവും വലിയ പുനർനിർമ്മാണങ്ങളിലൊന്നായി ഈ കരാർ കണക്കാക്കപ്പെടുന്നു. ഏകദേശം 29 ബില്യൺ ഡോളറിൻ്റെ കടബാധ്യതയും ഈ കരാറിൻ്റെ ഭാഗമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോകളിലൊന്ന് രൂപീകരിക്കപ്പെടുന്നതിനൊപ്പം, “ഫന്റാസ്റ്റിക് ബീസ്റ്റ്സ്”, “ദി മാട്രിക്സ്” തുടങ്ങിയ വമ്പൻ സിനിമകളുടെ അവകാശവും പാരാമൗണ്ടിന് സ്വന്തമാകും.
എച്ച്ബിഒ മാക്സും പാരാമൗണ്ടിൻ്റെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമും ലയിക്കുന്നത് നെറ്റ്ഫ്ലിക്സിനോട് നേരിട്ട് മത്സരിക്കാൻ കമ്പനിയെ സഹായിക്കും. അതേസമയം, കരാറിനെക്കുറിച്ച് കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോണ്ട പരിശോധന ആരംഭിച്ചിട്ടുണ്ട്. വിനോദ വ്യവസായത്തിലെ മത്സരം നിലനിർത്താൻ സംസ്ഥാനത്തിന് പ്രത്യേക താല്പര്യമുണ്ടെന്ന് അദ്ദേഹം എക്സിലൂടെ അറിയിച്ചു. ഈ ലയനം കാലിഫോർണിയയിലെ തൊഴിലവസരങ്ങളെ ബാധിക്കുമെന്നും ചില വിഭാഗങ്ങൾ നിർത്തലാക്കാൻ സാധ്യതയുണ്ടെന്നും ആശങ്കയുണ്ട്.
ഈ ലയനത്തിലൂടെ 6 ബില്യൺ ഡോളറിൻ്റെ (ഏകദേശം 50,000 കോടി രൂപ) പ്രവർത്തനച്ചെലവ് കുറയ്ക്കാൻ പാരാമൗണ്ട് ലക്ഷ്യമിടുന്നു. ഇത്തരത്തിലുള്ള ‘കോസ്റ്റ് സിനർജി’ നടപടികൾ സാധാരണയായി വലിയ തോതിലുള്ള പിരിച്ചുവിടലുകളിലേക്ക് നയിക്കാറുണ്ട്. നിലവിൽ വാർണർ ബ്രദേഴ്‌സിലെ ജീവനക്കാർക്കിടയിൽ പിരിച്ചുവിടൽ സംബന്ധിച്ച് വലിയ ആശങ്ക നിലനിൽക്കുന്നതായി റിപ്പോർട്ടുകളുണ്ട്. രണ്ട് വലിയ കമ്പനികൾ ഒന്നാകുമ്പോൾ സമാനമായ തസ്തികകളിൽ ജോലി ചെയ്യുന്നവരെ ഒഴിവാക്കാൻ സാധ്യതയുണ്ട്.
Netflix backs out; Warner Bros. signs $110 billion acquisition deal with Paramount, will it affect jobs?
ലയനത്തിലൂടെ 6 ബില്യൺ ഡോളറിന്റെ ചിലവ് കുറയ്ക്കാനാണ് പാരാമൗണ്ട് ലക്ഷ്യമിടുന്നത്, ഇത് പലപ്പോഴും ജീവനക്കാരുടെ വെട്ടിക്കുറയ്ക്കലിലേക്കാണ് വിരൽ ചൂണ്ടുന്നത്.















