
വാഷിംഗ്ടൺ: ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് അമേരിക്കൻ ജനതയ്ക്കിടയിൽ കനത്ത തിരിച്ചടി. പ്രമുഖ വാർത്താ ഏജൻസിയായ സിഎൻഎൻ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സർവ്വേ ഫലങ്ങൾ പ്രകാരം, ഭൂരിഭാഗം അമേരിക്കക്കാരും ഈ നീക്കത്തെ എതിർക്കുന്നു. എസ്എസ്ആർഎസ് നടത്തിയ സർവ്വേയിൽ പങ്കെടുത്ത 75 ശതമാനം ആളുകളും അമേരിക്ക ഗ്രീൻലാൻഡ് പിടിച്ചെടുക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. സർവ്വേയിൽ പങ്കെടുത്തവരിൽ വെറും 25 ശതമാനം പേർ മാത്രമാണ് ട്രംപിന്റെ ഗ്രീൻലാൻഡ് ദൗത്യത്തെ അനുകൂലിച്ചത്.
രാഷ്ട്രീയമായ വലിയ വേർതിരിവ് ഈ വിഷയത്തിൽ പ്രകടമാണ്. ഡെമോക്രാറ്റിക് പാർട്ടി അനുയായികളിൽ 94 ശതമാനം പേരും ഈ നീക്കത്തെ ശക്തമായി എതിർക്കുമ്പോൾ, റിപ്പബ്ലിക്കൻ പാർട്ടി അനുയായികൾക്കിടയിൽ അഭിപ്രായം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. 50 ശതമാനം റിപ്പബ്ലിക്കൻമാർ അനുകൂലിച്ചപ്പോൾ ബാക്കി 50 ശതമാനം പേർ ഇതിനെ എതിർത്തു. ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്‌വില്ലാത്ത 80 ശതമാനം സ്വതന്ത്ര വോട്ടർമാരും ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിനോട് വിയോജിക്കുന്നു.
ഗ്രീൻലാൻഡിന് മേൽ അമേരിക്കയ്ക്ക് പൂർണ്ണ നിയന്ത്രണം ലഭിക്കാത്ത ഒന്നിനോടും തനിക്ക് യോജിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഡെന്മാർക്ക് അധികൃതരും യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് അനിവാര്യമാണെന്ന ട്രംപിന്റെ നിലപാടിന് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുന്നില്ലെന്നാണ് ഈ സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾ വലിയ നയതന്ത്ര പ്രതിസന്ധിക്കൊപ്പം ആഭ്യന്തരമായ എതിർപ്പുകളും നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.















