എഫ്‌ബിഐ അന്വേഷണം ആരംഭിച്ച ദിവസം 1200 ലിറ്ററിലധികം ആസിഡ് എപ്‌സ്റ്റീൻ വാങ്ങിയതായി പുതിയ രേഖകൾ പുറത്ത്; മൃതദേഹങ്ങൾ നശിപ്പിക്കാനാകാമെന്ന് ചർച്ചകൾ

വാഷിംഗ്ടൺ : തനിക്കെതിരെ എഫ്‌ബിഐ അന്വേഷണം ആരംഭിച്ച അതേ ദിവസം തന്നെ ജെഫ്രി എപ്‌സ്റ്റീൻ തൻ്റെ സ്വകാര്യ ദ്വീപിലേക്ക് ആയിരക്കണക്കിന് ലിറ്റർ സൾഫ്യൂറിക് ആസിഡ് വാങ്ങിയതായി പുതിയ രേഖകൾ വെളിപ്പെടുത്തുന്നു. 6 ഡ്രമ്മുകളിലായി 1,249 ലിറ്ററോളം ആസിഡ് 2018 ജൂൺ 12-ന് ‘ലിറ്റിൽ സെന്റ് ജയിംസ്’ ദ്വീപിൽ എത്തിച്ചതായാണ് രസീതുകളും ആന്തരിക ഇമെയിലുകളും സൂചിപ്പിക്കുന്നത്. ‘ദി സൺ’ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

എപ്‌സ്റ്റീൻ്റെ ലൈംഗികക്കടത്ത് കേസുമായി ബന്ധപ്പെട്ട് എഫ്‌ബിഐ അന്വേഷണം തുടങ്ങിയ സമയത്താണ് 4,373.17 ഡോളർ വിലമതിക്കുന്ന ഈ ആസിഡ് ശേഖരം വാങ്ങിയത്. ജനുവരി 30-ന് പുറത്തുവിട്ട ദശലക്ഷക്കണക്കിന് ഫയലുകൾക്കിടയിൽ നിന്നാണ് ഈ രേഖ ലഭിച്ചത്. ഇതിൽ “ലിറ്റിൽ സെൻ്റ് ജയിംസ് ദ്വീപിലെ ആർ.ഒ (RO) പ്ലാന്റിന് ആവശ്യമായ സൾഫ്യൂറിക് ആസിഡ് ഡ്രമ്മുകൾ, പി.എച്ച് (pH) കേബിളുകൾ” എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആസിഡ് വാങ്ങിയ സമയത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകളും സംശയങ്ങളും ഉയരുന്നുണ്ട്. തെളിവുകൾ നശിപ്പിക്കാനോ മൃതദേഹങ്ങൾ അലിയിച്ചു കളയാനോ ആകാം ഈ ആസിഡ് വാങ്ങിയതെന്ന സംശയം ചിലർ ഉയർത്തുന്നുണ്ട്. “മൃതദേഹങ്ങൾ അലിയിക്കാനല്ലാതെ മറ്റൊന്നിനും ഇത്രയധികം സൾഫ്യൂറിക് ആസിഡ് ഉപയോഗിക്കില്ല” എന്നാണ് ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്നാൽ, ഈ ആസിഡ് ക്രിമിനൽ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്നതിന് ഫയലുകളിൽ തെളിവുകളില്ല.

പുറത്തുവന്ന 2013 മുതലുള്ള ഇമെയിലുകൾ പ്രകാരം , ദ്വീപിലെ കുടിവെള്ള ശുദ്ധീകരണ സംവിധാനത്തിൻ്റെ ഭാഗമായാണ് സൾഫ്യൂറിക് ആസിഡ് ഉപയോഗിച്ചിരുന്നത്. ജലത്തിലെ പി.എച്ച് നില നിയന്ത്രിക്കാനും ഫിൽട്ടറേഷൻ കാര്യക്ഷമമാക്കാനും ഇത്തരം പ്ലാൻ്റുകളിൽ സൾഫ്യൂറിക് ആസിഡ് സാധാരണയായി ഉപയോഗിക്കാറുണ്ട്. രേഖകളിൽ മറ്റ് ആവശ്യങ്ങളൊന്നും പരാമർശിച്ചിട്ടില്ല.

ലൈംഗികക്കടത്ത് കേസിൽ വിചാരണ നേരിടുന്നതിനിടെ 2019-ലാണ് എപ്‌സ്റ്റീൻ ന്യൂയോർക്കിലെ ജയിലിൽ മരിച്ചത്. ഇതിനിടെ, തൻ്റെ സ്വകാര്യ ദ്വീപിലെ അടുക്കളയിൽ എപ്‌സ്റ്റീൻ യുവതികളെ ഓടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതികളുടെ പിന്നാലെ എപ്‌സ്റ്റീൻ ചിരിച്ചുകൊണ്ട് പിന്തുടരുന്നതായും അടുക്കളയിലെ കൗണ്ടറിന് മുകളിലേക്ക് ചാടിക്കയറുന്നതും വീഡിയോയിൽ കാണാം. യുവതികൾ ഭയന്ന് നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ജനുവരി 30-ന് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട മൂന്ന് ദശലക്ഷത്തിലധികം രേഖകളുടെ ഭാഗമായാണ് ഈ വിഡിയോയും പുറംലോകം കണ്ടത്.  വിഡിയോയിൽ ഉൾപ്പെട്ടവരുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനായി യുവതികളുടെ മുഖം അധികൃതർ അവ്യക്തമാക്കിയിട്ടുണ്ട്. എപ്‌സ്റ്റീന്റെ സ്വകാര്യ ദ്വീപിലെ ജീവിതം എത്രത്തോളം ദുരൂഹമായിരുന്നുവെന്നും അവിടുത്തെ ഇരകളോടുള്ള പെരുമാറ്റം എങ്ങനെയുള്ളതായിരുന്നുവെന്നും സൂചിപ്പിക്കുന്ന തെളിവുകളായാണ് ഇത് കണക്കാക്കപ്പെടുന്നത്.

New documents reveal Epstein bought over 1200 liters of acid the day FBI investigation began.

More Stories from this section

family-dental
witywide