ഒബാമ ജഡ്ജി എന്നുള്ള ട്രംപിന്റെയടക്കം പരാമ‌ർശങ്ങൾ, ജഡ്ജിമാർക്കെതിരെയുള്ള ‘അനാവശ്യ’ ആക്രമണങ്ങൾ അനുവദിക്കില്ല; പുതിയ പെരുമാറ്റച്ചട്ടം

വാഷിംഗ്ടൺ: അമേരിക്കൻ ഫെഡറൽ ജഡ്ജിമാർക്കെതിരെ ഉയരുന്ന രാഷ്ട്രീയ ആക്രമണങ്ങൾക്കും ഭീഷണികൾക്കും എതിരെ അവർക്ക് പരസ്യമായി പ്രതികരിക്കാമെന്ന് വ്യക്തമാക്കുന്ന പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കി. പ്രസിഡന്റ് ഡോണൾഡ് ട്രംപും അദ്ദേഹത്തിന്റെ അനുയായികളും കോടതി വിധികൾക്കെതിരെ നടത്തുന്ന കടുത്ത വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കാനുള്ള ഈ നീക്കം. ജഡ്ജിമാർക്കെതിരെ ഉയരുന്ന “അവിഹിതമായ വിമർശനങ്ങൾക്കും ആക്രമണങ്ങൾക്കും” എതിരെ സംസാരിക്കാൻ അവർക്ക് അവകാശമുണ്ടെന്ന് പുതിയ നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു.

നിയമവാഴ്ചയും നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനായി എഴുതാനും സംസാരിക്കാനും ജഡ്ജിമാർക്ക് അനുവാദമുണ്ട്. എന്നാൽ വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ കോടതിയുടെ വിശ്വാസ്യതയെ ബാധിക്കാത്ത വിധം ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്‌സ് 2024-ൽ പുറത്തിറക്കിയ റിപ്പോർട്ടിലെ കാര്യങ്ങൾ ഈ പെരുമാറ്റച്ചട്ടത്തിൽ ആവർത്തിക്കുന്നു. അക്രമം, ഭീഷണിപ്പെടുത്തൽ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ, കോടതി ഉത്തരവുകൾ ലംഘിക്കാനുള്ള ആഹ്വാനങ്ങൾ എന്നിവയെല്ലാം “അവിഹിതമായ ആക്രമണങ്ങളുടെ” പരിധിയിൽ വരും.

ഭരണകൂടത്തിന്റെ ചില നയങ്ങൾക്കെതിരെ വിധി പ്രസ്താവിച്ച ജഡ്ജിമാരെ “ഒബാമ ജഡ്ജി” എന്നും മറ്റും വിളിച്ച് പ്രസിഡന്റ് ട്രംപ് മുമ്പ് ആക്ഷേപിച്ചിരുന്നു. ഇത്തരം പരാമർശങ്ങൾ ജഡ്ജിമാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയെ ബാധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. 2020-ൽ ഒരു ഫെഡറൽ ജഡ്ജിയുടെ മകൻ വെടിയേറ്റ് മരിച്ച സംഭവം ഉൾപ്പെടെയുള്ള അക്രമാസക്തമായ സാഹചര്യങ്ങൾ മുൻനിർത്തിയാണ് ജഡ്ജിമാരുടെ സുരക്ഷയ്ക്കും അന്തസ്സിനും മുൻഗണന നൽകുന്ന ഈ പുതിയ നിയമങ്ങൾ വരുന്നത്.

More Stories from this section

family-dental
witywide