ഇറാനിൽ യുദ്ധം തുടരാൻ 200 ബില്യൺ ഡോളർ അധികസഹായം തേടി പെന്റഗൺ; ആയിരക്കണക്കിന് യുഎസ് സൈനികരെ വിന്യസിക്കാൻ നീക്കം

വാഷിം​ഗ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിന്റെ അടുത്ത ഘട്ടങ്ങൾക്കായി മിഡിൽ ഈസ്റ്റിലേക്ക് ആയിരക്കണക്കിന് അധിക സൈനികരെ വിന്യസിക്കുന്ന കാര്യം ട്രംപ് ഭരണകൂടം പരിഗണിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. നിലവിൽ കരസേനയെ അയക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, പ്രസിഡന്റ് ഡോണൾഡ് ട്രംപ് എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് സിഎൻഎന്നിനോട് പറഞ്ഞു. കഴിഞ്ഞ ആഴ്ച 2,500 ഓളം വരുന്ന മറൈൻ എക്സ്പെഡിഷണറി യൂണിറ്റിനെ മേഖലയിലേക്ക് അയച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

യുഎസ് സൈന്യം എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി സന്നദ്ധമാണെന്നും കമാൻഡർ ഇൻ ചീഫ് എന്ന നിലയിൽ പ്രസിഡന്റ് എടുക്കുന്ന ഏത് തീരുമാനവും നടപ്പിലാക്കാൻ തങ്ങൾ ഒരുക്കമാണെന്നും യുഎന്നിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് വ്യക്തമാക്കി. അതേസമയം, യുദ്ധച്ചെലവുകൾക്കായി കോൺഗ്രസിനോട് 200 ബില്യൺ ഡോളറിലധികം (ഏകദേശം 16 ലക്ഷം കോടി രൂപയിലധികം) ആവശ്യപ്പെടാൻ പെന്റഗൺ ഒരുങ്ങുന്നതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഈ റിപ്പോർട്ട് നിഷേധിക്കാൻ തയ്യാറായില്ല.

യുദ്ധത്തിന്റെ ഭീമമായ ചെലവുകളെക്കുറിച്ചുള്ള കണക്കുകൾ അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിക്കുന്നതാണ്. യുദ്ധത്തിന്റെ ആദ്യ ആറ് ദിവസങ്ങളിൽ മാത്രം കുറഞ്ഞത് 11 ബില്യൺ ഡോളർ ചെലവായതായി പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു. ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം 5 ബില്യൺ ഡോളറിലധികം മൂല്യമുള്ള വെടിക്കോപ്പുകളാണ് (Munitions) അമേരിക്കൻ സൈന്യം ഉപയോഗിച്ചത്. ഇത്രയും വലിയൊരു തുക യുദ്ധത്തിനായി അനുവദിക്കാൻ കോൺഗ്രസ് തയ്യാറാകുമോ എന്ന കാര്യത്തിൽ വൈറ്റ് ഹൗസിലെ ചില ഉദ്യോഗസ്ഥർക്ക് തന്നെ സംശയമുണ്ട്. യുദ്ധം നീണ്ടുനിൽക്കുന്നത് അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

More Stories from this section

family-dental
witywide