
വാഷിംഗ്ടൺ: റഷ്യയുമായുള്ള അവസാനത്തെ പ്രധാന ആണവായുധ നിയന്ത്രണ കരാറായ ‘ന്യൂ സ്റ്റാർട്ട്’ (New START) കാലാവധി അവസാനിച്ച സാഹചര്യത്തിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഒരു പുതിയ കരാറിനായി ആഹ്വാനം ചെയ്തു.
2010-ൽ ഒപ്പുവെച്ച ന്യൂ സ്റ്റാർട്ട് ഉടമ്പടി ഇന്നലെ ഔദ്യോഗികമായി അവസാനിച്ചു. ഇതോടെ 50 വർഷത്തിനിപ്പുറം ആദ്യമായാണ് ലോകത്തെ രണ്ട് വലിയ ആണവശക്തികൾക്കിടയിൽ നിയമപരമായ നിയന്ത്രണങ്ങളില്ലാത്ത സാഹചര്യം വരുന്നത്. പഴയ കരാറിനെ ‘മോശമായി ചർച്ച ചെയ്യപ്പെട്ട ഒന്നാണെന്നും’ അത് റഷ്യ ലംഘിച്ചതായും ട്രംപ് വിമർശിച്ചു. ആധുനിക കാലത്തിന് അനുയോജ്യമായ, മെച്ചപ്പെട്ട പുതിയൊരു കരാർ വേണമെന്നാണ് അദ്ദേഹം തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ ആവശ്യപ്പെട്ടത്.
റഷ്യയെപ്പോലെ തന്നെ ചൈനയെയും പുതിയ ആണവ കരാറിൽ ഉൾപ്പെടുത്തണമെന്ന് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നു. എന്നാൽ ഇതിനോട് ബെയ്ജിംഗ് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, നിലവിലെ ഉടമ്പടി ഒരു വർഷത്തേക്ക് കൂടി നീട്ടാൻ റഷ്യ തയ്യാറാണെന്ന് അറിയിച്ചിരുന്നെങ്കിലും അമേരിക്കയിൽ നിന്നും ഇതിനോട് ഔദ്യോഗികമായി പ്രതികരണമൊന്നും ലഭിച്ചില്ലെന്നാണ് റഷ്യ വ്യക്തമാക്കിയത്. നിയന്ത്രണങ്ങൾ ഇല്ലാതാകുന്നത് ആഗോളതലത്തിൽ ഒരു പുതിയ ആണവായുധ മത്സരത്തിന് വഴിതെളിക്കുമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
‘New Start’ ends, Trump calls for new nuclear deal, ‘desires’ to include China











