“അയാൾ എന്നെ ചീത്ത വിളിക്കുന്നത് കേൾക്കാതായാൽ അതിൻ്റെ അർത്ഥം അയാൾക്ക് ഇവിടെ ജീവിക്കാൻ കഴിയുന്നില്ല എന്നാണ്”; പ്രതിഷേധക്കാരന് മാസ് മറുപടിയുമായി മംദാനി

ന്യൂയോർക്ക്: നഗരത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കവേ തന്നെ തടസ്സപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്ത പ്രതിഷേധക്കാരന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. ബ്രൂക്ലിനിലെ ബെഡ്ഫോർഡ്-സ്റ്റൈവസൻ്ററിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ.

നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ കുറഞ്ഞ ചിലവിൽ വീടുകൾ നിർമ്മിക്കുന്നതിനുള്ള ‘നെയ്‌ബർഹുഡ് ബിൽഡേഴ്‌സ് ഫാസ്റ്റ് ട്രാക്ക്’ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മേയർ. ഈ സമയത്ത് ഒരാൾ സദസ്സിൽ നിന്ന് ഉച്ചത്തിൽ പ്രതിഷേധിക്കുകയും മേയർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഏകദേശം 30 മിനിറ്റോളം നീണ്ടുനിന്ന തടസ്സപ്പെടുത്തലുകൾക്ക് ഒടുവിലാണ് മംദാനി അവിസ്മരണീയമായ ആ മറുപടി നൽകിയത്.

പ്രതിഷേധക്കാരനെ മാറ്റാൻ സുരക്ഷാ ഉദ്യോഗസ്ഥർ തുനിയവെ മംദാനി അവരെ തടഞ്ഞു. “ആ മനുഷ്യന് ഈ ന്യൂയോർക്ക് നഗരത്തിൽ തന്നെ തുടരാൻ കഴിയണമെന്നാണ് എൻ്റെ ആഗ്രഹം. കാരണം, എന്ന് അയാൾ എന്നോട് ആക്രോശിക്കുന്നത് നിൽക്കുന്നുവോ, അതിൻ്റെ അർത്ഥം ഇവിടുത്തെ ജീവിതച്ചെലവ് താങ്ങാനാവാതെ അയാൾക്ക് ഈ നഗരം വിട്ടുപോകേണ്ടി വന്നു എന്നാണ്. അത് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” മംദാനി പറഞ്ഞു.

നഗരത്തിലെ രാഷ്ട്രീയക്കാരോട് തങ്ങളുടെ പരാതികൾ വിളിച്ച് പറയാൻ കഴിയുന്നത്ര കുറഞ്ഞ ചിലവിൽ ആളുകൾക്ക് ഇവിടെ താമസിക്കാൻ കഴിയണമെന്നും, അങ്ങനെയല്ലാത്ത ഒരു നഗരത്തിൽ ജീവിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണക്കാർക്ക് താങ്ങാനാവുന്ന വിധത്തിൽ വീടുകൾ ലഭ്യമാക്കുക എന്നതാണ് തൻ്റെ ഭരണകൂടത്തിൻ്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ മേയറുടെ ഈ വാക്കുകൾ വലിയ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. രാഷ്ട്രീയ വിയോജിപ്പുകളെ അടിച്ചമർത്തുന്നതിന് പകരം, സാധാരണക്കാരന്റെ ജീവിത സാഹചര്യങ്ങളുമായി അതിനെ ബന്ധിപ്പിച്ചു കൊണ്ടുള്ള മംദാനിയുടെ ഈ പ്രതികരണം ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്.

ബ്രൂക്ലിനിലെ ഡെമോക്രാറ്റിക് പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി മുൻ അംഗം ഡേവിഡ് സ്വാർട്‌സ്, സൊഹ്‌റാൻ മംദാനിയെ പ്രശംസിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പും അനുയായികൾ ഏറ്റെടുത്തിരുന്നു. “എതിർപ്പുള്ളവരോ വിഷലിപ്തമായ സാഹചര്യമുള്ളവരോ ആയ ഏത് ജനക്കൂട്ടത്തിനിടയിലേക്കും നടന്നുചെല്ലാനും അവരുമായി സംവദിക്കാനും മംദാനിക്ക് പ്രത്യേക കഴിവുണ്ട്. പലപ്പോഴും തന്നെ എതിർക്കുന്നവർക്കും ‘തങ്ങൾ കേൾക്കപ്പെടുന്നുണ്ട്’ എന്ന തോന്നൽ ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു,” വീഡിയോ പങ്കുവെച്ചുകൊണ്ട് ഡേവിഡ് സ്വാർട്‌സ് കുറിച്ചു.

“വിവിധ രാഷ്ട്രീയ പക്ഷങ്ങളിലുള്ള ജനപ്രതിനിധികളും സന്നദ്ധ-മത നേതാക്കളും ആക്ടിവിസ്റ്റുകളുമെല്ലാം അദ്ദേഹത്തെ നേരിൽ കണ്ടപ്പോൾ എന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എൻ്റെ വാക്കുകൾ വിശ്വസിക്കണമെന്നില്ല, പ്രസിഡൻ്റ് ട്രംപ് പോലും ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടാണ് അദ്ദേഹം ഇപ്പോൾ ന്യൂയോർക്ക് സിറ്റിയുടെ മേയറായിരിക്കുന്നത്. നിങ്ങൾക്ക് അദ്ദേഹത്തിൻ്റെ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ടാകാം, അല്ലെങ്കിൽ എന്നെപ്പോലെ അദ്ദേഹത്തിൻ്റെ സ്ഥാനാർത്ഥിത്വത്തെ എതിർത്തവരോ അദ്ദേഹത്തിൻ്റെ ചില പ്രസ്താവനകളിൽ ആശങ്കയുള്ളവരോ ആകാം; എങ്കിലും ഈ പോസ്റ്റിനെ തെറ്റായി കാണരുത്. നിങ്ങളുടെ സന്ദേശം കൂടുതൽ മികച്ച രീതിയിൽ എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കാം എന്ന പാഠം ഇതിൽ നിന്നും ഉൾക്കൊള്ളുക.” അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കിയതിങ്ങനെ.

New York City Mayor Sohran Mamdani’s response to a protester who interrupted and mocked him while he was speaking is remarkable.

More Stories from this section

family-dental
witywide