
ന്യൂയോർക്ക്: അമേരിക്കൻ സൈന്യത്തിന്‍റെ പിടിയിലായ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ന്യൂയോർക്കിലേക്ക് കൊണ്ടുപോകുന്നതായി റിപ്പോർട്ട്. മഡുറോയും ഭാര്യ സിലിയ ഫ്ലോറസും യുഎസ് യുദ്ധക്കപ്പലായ യുഎസ്എസ് ഐവോ ജിമയിൽ ന്യൂയോർക്കിലേക്ക് യാത്ര തിരിച്ചതായും അവിടെയാകും മഡുറോ വിചാരണ നേരിടുകയെന്നും പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. വിചാരണ നടപടികൾ പൂർത്തിയാകുന്നതുവരെ അദ്ദേഹത്തെ എവിടെയാകും താമസിപ്പിക്കുക എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള അതീവ സുരക്ഷാ സംവിധാനങ്ങളുള്ള മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്‍ററിൽ അദ്ദേഹത്തെ പാർപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.
ലോകത്തെ ഞെട്ടിച്ച പല പ്രമുഖ കുറ്റവാളികളെയും പാർപ്പിച്ചിട്ടുള്ള ചരിത്രമാണ് ബ്രൂക്ലിനിലെ ഈ തടവറയ്ക്കുള്ളത്. കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവൻ ‘എൽ ചാപ്പോ’ ഗുസ്മാൻ, ജിസ്ലെയ്ൻ മാക്‌സ്‌വെൽ, സാം ബാങ്ക്മാൻ-ഫ്രൈഡ് തുടങ്ങിയവർ വിചാരണ വേളയിൽ കഴിഞ്ഞിരുന്നത് ഇവിടെയായിരുന്നു. മെക്സിക്കൻ ജയിലുകളിൽ നിന്നും മുൻപ് രക്ഷപ്പെട്ടിട്ടുള്ള എൽ ചാപ്പോയെപ്പോലെയുള്ള അതീവ അപകടകാരികളെ പാർപ്പിക്കാൻ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകൾ ന്യൂയോർക്കിലെ കോടതിയിലായതിനാലാണ് മഡുറോയെ ബ്രൂക്ലിനിലേക്ക് മാറ്റാൻ ആലോചിക്കുന്നത്.
എങ്കിലും, മറ്റൊരു രാജ്യത്തിന്‍റെ പ്രസിഡന്റിനെ ഇത്രയധികം ജനവാസമുള്ള ഒരു നഗരത്തിലെ ജയിലിൽ പാർപ്പിക്കുന്നത് സുരക്ഷാപരമായ നിരവധി വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. മുൻപ് ജെഫ്രി എപ്‌സ്റ്റീൻ തടവിൽ കഴിയവെ മരിച്ചതിനെത്തുടർന്ന് മാൻഹാട്ടനിലെ ഫെഡറൽ ജയിൽ അടച്ചുപൂട്ടിയതോടെ, ബ്രൂക്ലിനിലെ ഈ കേന്ദ്രമാണ് ഇപ്പോൾ അധികൃതരുടെ ഏക ആശ്രയം. എന്നാൽ ഇവിടുത്തെ മോശം സാഹചര്യങ്ങളെയും സുരക്ഷാ പിഴവുകളെയും കുറിച്ച് പലപ്പോഴും പരാതികൾ ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ മഡുറോയെപ്പോലൊരു ഉന്നതനായ രാഷ്ട്രീയ നേതാവിനെ ഇവിടെ പാർപ്പിക്കുന്നത് സംബന്ധിച്ച് പ്രതിരോധ-സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നതയുണ്ട്. ന്യൂയോർക്കിൽ എത്തുന്നതോടെ മഡുറോയുടെ വിചാരണ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരും.














