‘അടുത്തത് പാലങ്ങളും വൈദ്യുത നിലയങ്ങളും’; ഇറാൻ്റെ അവശേഷിക്കുന്ന ഭാഗങ്ങളും തകർക്കുമെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാനിൽ ഇനി ബാക്കിയുള്ളവ കൂടി തകർക്കാൻ യുഎസ് സേന ഇതുവരെ തയ്യാറെടുത്തിട്ടില്ലെന്നും, ഉടൻ തന്നെ രാജ്യത്തെ പാലങ്ങളും ഊർജ്ജ നിലയങ്ങളും ലക്ഷ്യമിടുമെന്നും മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്.

“ലോകത്തിലെ ഏറ്റവും കരുത്തുറ്റ നമ്മുടെ സൈന്യം ഇറാനിൽ അവശേഷിക്കുന്നത് നശിപ്പിച്ചു തുടങ്ങിയിട്ടില്ല. അടുത്തത് പാലങ്ങളാണ്, അതിനുശേഷം വൈദ്യുത നിലയങ്ങളും! പുതിയ ഭരണകൂടത്തിന് എന്ത് ചെയ്യണമെന്ന് അറിയാം, അത് വേഗത്തിൽ നടപ്പിലാക്കണം,” ട്രംപ് കുറിച്ചു. ഇറാനിലെ പ്രധാന സൈനിക കേന്ദ്രങ്ങളെല്ലാം ഇതിനോടകം തന്നെ തകർക്കപ്പെട്ടുവെന്നാണ് ട്രംപിൻ്റെ അവകാശവാദം. ഇറാൻ്റെ നാവികസേനയും വ്യോമസേനയും നാമാവശേഷമായെന്നും അവരുടെ നേതാക്കൾ കൊല്ലപ്പെട്ടെന്നും കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ, ട്രംപിൻ്റെ ഈ അവകാശവാദങ്ങൾക്ക് വിരുദ്ധമായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇറാൻ്റെ മിസൈൽ പ്രഹരശേഷിയുടെ പകുതിയോളം ഇപ്പോഴും സുരക്ഷിതമാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. മിസൈൽ ലോഞ്ചറുകളും ആയിരക്കണക്കിന് ഡ്രോണുകളും ഇപ്പോഴും പ്രവർത്തനക്ഷമമാണ്. കടൽ വഴിയുള്ള ഭീഷണികൾ തടയാൻ ശേഷിയുള്ള കോസ്റ്റൽ ഡിഫൻസ് ക്രൂയിസ് മിസൈലുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭൂഗർഭ കേന്ദ്രങ്ങളിൽ ഒളിപ്പിച്ചിരിക്കുന്ന മിസൈൽ ലോഞ്ചറുകൾ നശിപ്പിക്കാൻ യുഎസ് ആക്രമണങ്ങൾക്ക് സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. തീരദേശ മിസൈൽ സംവിധാനങ്ങളും വലിയ തോതിൽ ഇപ്പോഴും സുരക്ഷിതമാണ്. ഈ സാഹചര്യത്തിലാണ് ഇൻഫ്രാസ്ട്രക്ചറുകൾ (പാലങ്ങൾ, വൈദ്യുതി നിലയങ്ങൾ) തകർക്കുമെന്ന ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

Next up are bridges and power plants; Trump says he will destroy the remaining parts of Iran