നിക്കോളാസ് മഡുറോ അമേരിക്കൻ കോടതിയിൽ; നയതന്ത്ര പരിരക്ഷ പ്രധാന ചർച്ചാവിഷയം, അപൂർവ്വ കേസിലെ നടപടികൾ ആഗോള തലത്തിൽ ചർച്ച

വാഷിംഗ്ടൺ: അമേരിക്കൻ സൈന്യം തട്ടിക്കൊണ്ടുപോയ വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോ ആദ്യമായി യുഎസ് കോടതിയിൽ ഹാജരായപ്പോൾ ബോധിപ്പിച്ചത് താൻ നിരപരാധിയാണെന്ന്. ലഹരിക്കടത്ത്, നർക്കോ-ഭീകരവാദം തുടങ്ങിയ കുറ്റാരോപണങ്ങളിൽ വിചാരണ നേരിടുന്ന മഡുറോ താൻ നിരപരാധിയാണെന്നാണ് ആവർത്തിച്ചത്. താൻ ഇപ്പോഴും വെനസ്വേലയുടെ ഔദ്യോഗിക പ്രസിഡന്റാണെന്ന് കോടതിയിൽ ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം, ഒരു രാഷ്ട്രത്തലവന് അന്താരാഷ്ട്ര നിയമപ്രകാരം ലഭിക്കേണ്ട നിയമ പരിരക്ഷ തനിക്ക് അവകാശപ്പെട്ടതാണെന്നും വാദിച്ചു.

ഇതോടെ രാഷ്ട്രത്തലവന്മാരുടെ നിയമപരമായ സുരക്ഷാ കവചങ്ങളെ സംബന്ധിച്ച വലിയൊരു നിയമയുദ്ധത്തിനാണ് കോടതി വേദിയാകുന്നത്. മഡുറോയുടെ അഭിഭാഷകനായ ബാരി പൊള്ളാക്ക് ശനിയാഴ്ച നടന്ന സൈനിക നീക്കത്തെ അതിശക്തമായി കോടതിയിൽ അപലപിച്ചു. മഡുറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം തട്ടിക്കൊണ്ടുപോയത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പതിറ്റാണ്ടുകളായി തുടരുന്ന നർക്കോ-ഭീകരവാദ ഗൂഢാലോചനയിൽ മഡുറോയ്ക്ക് പങ്കുണ്ടെന്നാണ് യുഎസ് നീതിന്യായ വകുപ്പ് ആരോപിക്കുന്നത്. എന്നാൽ 63 വയസുകാരനായ മഡുറോയ്ക്ക് ഒരു രാഷ്ട്രത്തലവൻ എന്ന നിലയിലുള്ള പരിരക്ഷ നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ അന്താരാഷ്ട്ര നിയമവിദഗ്ധർക്കിടയിൽ ഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ട്. അമേരിക്കൻ മണ്ണിൽ ഒരു വിദേശ രാഷ്ട്രത്തലവൻ വിചാരണ നേരിടുന്ന ഈ അപൂർവ്വ കേസ് വരും ദിവസങ്ങളിൽ ആഗോള ശ്രദ്ധയാകർഷിക്കുമെന്നുറപ്പാണ്.

More Stories from this section

family-dental
witywide