നിതിന്റെ മരണം കൊലപാതകമെന്ന് അച്ഛൻ; ‘കോളേജിൽ നടന്നത് മൃഗീയമായ റാഗിംഗ്, പൊലീസ് അന്വേഷണത്തിൽ നീതി കിട്ടില്ല, കോടതിയെ സമീപിക്കും’

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കോളേജ് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അച്ഛൻ രാജൻ രംഗത്ത്. നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇതൊരു കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു. നിലവിൽ പ്രതി ചേർക്കപ്പെട്ടവർക്ക് പുറമെ ഹോസ്റ്റൽ വാർഡൻ കമൽ, അധ്യാപികയായ ലത എന്നിവർക്കും നിതിന്റെ മരണത്തിൽ പങ്കുണ്ടെന്നും രാജൻ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ നിതിൻ നൽകിയ പരാതികളെല്ലാം പൂഴ്ത്തിവെച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.

കോളേജിൽ എത്തിയ ആദ്യ മാസം മുതൽ നിതിൻ ക്രൂരമായ റാഗിംഗിന് ഇരയായിരുന്നു. ടി-ഷർട്ട് ധരിക്കുന്നത് പോലും വിലക്കിയിരുന്നു. മണിക്കൂറുകളോളം വസ്ത്രം അലക്കാൻ കാത്തുനിൽപ്പിക്കുകയും കുളിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തു. എച്ച്.ഒ.ഡി (HOD) നിതിനെ എല്ലാവരുടെയും മുന്നിൽ വെച്ച് ‘പുഴുത്ത പട്ടി’ എന്ന് വിളിച്ച് അധിക്ഷേപിച്ചതായും താൻ മുൻപ് ഒരു കൊലപാതകം ചെയ്തിട്ടുണ്ടെന്നും വീണ്ടും അത് ചെയ്യിപ്പിക്കരുത് എന്ന് ഭീഷണിപ്പെടുത്തിയതായും രാജൻ വെളിപ്പെടുത്തി. നിതിനെ ഇരുട്ടുമുറിയിൽ അടച്ചിട്ടതായും അദ്ദേഹം ആരോപിച്ചു.

പോലീസ് അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും പണച്ചാക്കുകളാണ് പലതും നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവനെ ആ കെട്ടിടത്തിൽ ഓടിച്ചു കയറ്റിയതാകാമെന്നും രാജൻ വിശ്വസിക്കുന്നു. സംഭവത്തിന് ശേഷം കോളേജ് അധികൃതർ ആരും തന്നെ കാണാൻ വന്നില്ലെന്നും നീതിക്കായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിതിന്റെ മരണത്തിൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പുറത്തുകൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Nithin Raj’s father alleges murder; reveals brutal ragging and threats at Anjarakandy College

More Stories from this section

family-dental
witywide