
വാഷിംഗ്ടൺ: മിനിയാപൊളിസിൽ ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് ഐസിയു നഴ്സ് അലക്സ് പ്രെറ്റി കൊല്ലപ്പെട്ട സംഭവത്തിൽ തന്‍റെ ആദ്യകാല പ്രസ്താവനകളെ ന്യായീകരിച്ച് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം രംഗത്തെത്തി. പ്രെറ്റിയെ “ആഭ്യന്തര ഭീകരൻ” എന്ന് വിശേഷിപ്പിച്ചത് അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് അവർ വ്യക്തമാക്കി. “ആ സമയത്ത് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും മികച്ച വിവരങ്ങളാണ് ജനങ്ങളുമായി പങ്കുവെച്ചത്. അവിടെ കാര്യങ്ങൾ വളരെ കലുഷിതമായിരുന്നു,” ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
ബോർഡർ പട്രോൾ ഏജന്റുമാരും ഉദ്യോഗസ്ഥരും തനിക്ക് കൈമാറിയ വിവരങ്ങളാണ് പ്രസ്താവനയ്ക്ക് ആധാരമെന്നും, സുതാര്യത ഉറപ്പാക്കാനാണ് താൻ ശ്രമിച്ചതെന്നും നോം കൂട്ടിച്ചേർത്തു. പ്രെറ്റി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചു എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് പുറത്തുവന്ന വീഡിയോകളിൽ, പ്രെറ്റി വെറും കാഴ്ചക്കാരനായിരുന്നുവെന്നും വെടിയേൽക്കുന്ന സമയത്ത് അദ്ദേഹം തന്റെ ഫോൺ ഉപയോഗിക്കുകയായിരുന്നുവെന്നും വ്യക്തമായി. ഇതോടെ ക്രിസ്റ്റി നോമിന്റെ രാജിക്കായി ഡെമോക്രാറ്റുകൾ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.
സംഭവം വിവാദമായതോടെ മിനിയാപൊളിസിലെ ഇമിഗ്രേഷൻ പ്രവർത്തനങ്ങളിൽ പ്രസിഡന്റ് ട്രംപ് നേരിട്ട് ഇടപെട്ടു.
വിവാദ പ്രസ്താവനകൾ നടത്തിയ ബോർഡർ പട്രോൾ ചീഫ് ഗ്രിഗറി ബോവിനോയെ മാറ്റി പകരം ബോർഡർ സാർ ടോം ഹോമാനെ മിനിയാപൊളിസിലെ ചുമതല ഏൽപ്പിച്ചു. ക്രിസ്റ്റി നോമിനെ മാറ്റാൻ ട്രംപ് തയ്യാറായിട്ടില്ലെങ്കിലും, പ്രവർത്തനങ്ങളിൽ മാറ്റം വരുത്താൻ ഹോമാനെ നിയോഗിച്ചത് നോമിനുള്ള പരോക്ഷമായ താക്കീതായാണ് വിലയിരുത്തപ്പെടുന്നത്. മിനിയാപൊളിസിൽ കൊല്ലപ്പെട്ട രണ്ടാമത്തെ അമേരിക്കൻ പൗരനാണ് അലക്സ് പ്രെറ്റി. ജനുവരി ആദ്യവാരം റെനെ ഗുഡ് എന്ന യുവതിയും ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഈ സംഭവങ്ങൾ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ അമേരിക്കയിലുടനീളം വൻ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.















