
വാഷിംഗ്ടൺ: നിക്കോളാസ് മഡുറോയുടെ പുറത്താക്കലിന് പിന്നാലെ വെനിസ്വേല കൂടുതൽ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുകയാണെന്നും അതിനാൽ പ്രവാസികൾക്ക് അമേരിക്കയിൽ നൽകിവന്നിരുന്ന താൽക്കാലിക സംരക്ഷണ പദവി പുനഃസ്ഥാപിക്കേണ്ട സാഹചര്യമില്ലെന്നും യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം വ്യക്തമാക്കി. ഞായറാഴ്ച ‘ഫോക്സ് ന്യൂസ് സൺഡേ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉള്ളിടത്തോളം കാലം അമേരിക്കൻ ജനതയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്നും അവർ കൂട്ടിച്ചേർത്തു.
വെനിസ്വേലയിലെ രാഷ്ട്രീയ മാറ്റങ്ങൾ അവിടെയുള്ള ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകുമെന്നും അതുകൊണ്ട് തന്നെ അവിടെനിന്നുള്ളവർക്ക് ഇനി അമേരിക്കയിൽ പ്രത്യേക അഭയം നൽകേണ്ടതില്ലെന്നുമാണ് ഭരണകൂടത്തിന്റെ നിലപാട്. വൈറ്റ് ഹൗസ്, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുമായി ആലോചിച്ചാണ് ടിപിഎസ് നിർത്തലാക്കാനുള്ള തീരുമാനമെടുത്തതെന്നും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ഇത് കർശനമായി നടപ്പിലാക്കുമെന്നും നോം പറഞ്ഞു.
മഡുറോയ്ക്ക് ശേഷം വെനിസ്വേല ഭരിക്കാൻ അമേരിക്കയുമായി സഹകരിക്കുന്ന, ലഹരിക്കടത്തും ഭീകരവാദവും തടയാൻ സഹായിക്കുന്ന ഒരു പങ്കാളിയെയാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അമേരിക്കയെ സംരക്ഷിക്കുക എന്നതിനാണ് പ്രാധാന്യം. മയക്കുമരുന്ന് പ്രവാഹം തടയാനും കുറ്റവാളികൾ രാജ്യത്തേക്ക് കടക്കുന്നത് തടയാനും പുതിയ വെനിസ്വേലൻ നേതൃത്വം സഹായിക്കണമെന്ന് നോം ആവശ്യപ്പെട്ടു. മഡുറോയുടെ തടവോടെ വെനിസ്വേലൻ ജനതയ്ക്ക് പുതിയൊരു വിഭാതം പിറന്നിരിക്കുകയാണെന്നും വരും ദിവസങ്ങളിൽ അവർക്ക് കൂടുതൽ ജനാധിപത്യപരമായ അവകാശങ്ങൾ ലഭിക്കുമെന്നും അവർ പ്രത്യാശിച്ചു.















