അമേരിക്കയെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള മിസൈല്‍ എൻ‍ജിൻ പരീക്ഷിച്ച് ഉത്തരകൊറിയ, അതും കിം ജോങ് ഉന്നിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ

പ്യോങ്യാങ്: അമേരിക്കൻ വൻകരയെ നേരിട്ട് ആക്രമിക്കാൻ ശേഷിയുള്ള അത്യാധുനിക മിസൈൽ എൻജിൻ ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചു. പുതിയ തലമുറയിൽപ്പെട്ട സോളിഡ്-ഫ്യൂവൽ മിസൈലുകൾക്കായി വികസിപ്പിച്ച ഹൈ-ത്രസ്റ്റ് എൻജിനാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പരീക്ഷിച്ചത്. പശ്ചിമേഷ്യയിൽ അമേരിക്ക നടത്തുന്നത് ആഗോള ഭീകരവാദവും അധിനിവേശവുമാണെന്ന് കുറ്റപ്പെടുത്തി കിം പാർലമെന്റിൽ നടത്തിയ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് പരീക്ഷണത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.

അമേരിക്കയുടെ ഏത് ഭാഗത്തെയും ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളിൽ (ICBM) ഈ എൻജിൻ ഉപയോഗിക്കാനാകും. ദ്രവ ഇന്ധനം ഉപയോഗിക്കുന്ന മിസൈലുകളെ അപേക്ഷിച്ച് സോളിഡ്-ഫ്യൂവൽ മിസൈലുകൾക്ക് കൂടുതൽ വേഗതയുണ്ടാകുമെന്നും ഇവ പെട്ടെന്ന് വിക്ഷേപിക്കാൻ സാധിക്കുമെന്നും പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശത്രുരാജ്യങ്ങളുടെ റഡാർ സംവിധാനങ്ങളെ വെട്ടിച്ച് അതിവേഗം നീങ്ങാൻ ഇത്തരം മിസൈലുകൾക്ക് ശേഷിയുണ്ട്.

ഉത്തരകൊറിയയുടെ പടിഞ്ഞാറൻ തീരത്തുള്ള സോഹേ സാറ്റലൈറ്റ് ലോഞ്ചിങ് ഗ്രൗണ്ടിലായിരുന്നു പരീക്ഷണം നടന്നത്. രാജ്യത്തിൻ്റെ തന്ത്രപ്രധാനമായ ആയുധശേഖരം ശക്തിപ്പെടുത്തുന്നതിൽ ഈ പരീക്ഷണം നിർണ്ണായകമാണെന്ന് കിം ജോങ് ഉൻ പ്രതികരിച്ചു. ഉത്തരകൊറിയയുടെ വർദ്ധിച്ചുവരുന്ന സൈനിക ശേഷിയിൽ അമേരിക്കയും ദക്ഷിണ കൊറിയയും കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. മേഖലയിൽ സമാധാനം തകർക്കാൻ ഇത്തരം പ്രകോപനങ്ങൾ കാരണമാകുമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

More Stories from this section

family-dental
witywide