
തിരുവനന്തപുരം: തുലാവർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലും, ബുധനാഴ്ച തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും. വ്യാഴാഴ്ച ഇടുക്കി മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ഉള്ളവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.
Northeast monsoon intensifies in the state; yellow alert in 7 districts today.















