
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴക്കെടുതികളിൽ എട്ട് മരണം സ്ഥിരീകരിച്ചു. കനത്ത മഴയെത്തുടർന്ന് എട്ടു പേരെ കാണാതാവുകയും 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്നും ഇതുവരെ 5792 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇവർക്കായി സംസ്ഥാനത്തുടനീളം 209 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
മഴയിലും കാറ്റിലും വ്യാപകമായ ഭവനനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രാഥമിക വിവരങ്ങൾ പ്രകാരം 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്നു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും, വീടും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കും സർക്കാർ അടിയന്തര ധനസഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞത് ആശ്വാസത്തിന് വകനൽകുന്നുണ്ട്. വെള്ളം ഇറങ്ങിയ സ്ഥലങ്ങളിൽ പകർച്ചവ്യാധികൾ തടയുന്നതിനായുള്ള ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു. മഴ കുറഞ്ഞെങ്കിലും മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണിയുള്ളതിനാൽ കടുത്ത ജാഗ്രത തുടരണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഏതു സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടങ്ങൾ സജ്ജമാണെന്ന് റവന്യു വകുപ്പ് അറിയിച്ചു. റവന്യു മന്ത്രി, വിവിധ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ, ജില്ലാ കളക്ടർമാർ എന്നിവരുമായി മുഖ്യമന്ത്രി നേരിട്ട് ആശയവിനിമയം നടത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. മഴയുടെ അളവ് കുറഞ്ഞെങ്കിലും ദുരന്തനിവാരണ സേനകളും തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളും പൂർണ്ണ സജ്ജമായി രംഗത്തുണ്ട്. റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. വെള്ളം ഇറങ്ങിപ്പോകാത്തതുകൊണ്ട് പലയിടത്തും കെഎസ്ആർടിസി സർവീസുകളും നിർത്തിവച്ചിട്ടുണ്ട്.
Kerala hit by heavy rains; Eight deaths confirmed, eight missing, over 5,000 people in camps, widespread damage















