ഇന്ത്യയുടേത് ചീപ്പ് ഗവൺമെന്‍റ് എന്ന് പറഞ്ഞ നളിൻ ഹേലിക്കെതിരെ കടുത്ത പ്രതികരണങ്ങൾ; മുത്തച്ഛൻ കുടിയേറിയ കഥകൾ ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ

വാഷിംഗ്ടൺ: മുൻ സൗത്ത് കരോലിന ഗവർണറും റിപ്പബ്ലിക്കൻ നേതാവുമായ നിക്കി ഹേലിയുടെ മകൻ നളിൻ ഹേലി ഇന്ത്യക്കെതിരെ നടത്തിയ വിദ്വേഷ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. ഇന്ത്യ അമേരിക്കയുടെ വിശ്വസ്ത പങ്കാളിയല്ലെന്നും ഇന്ത്യയുടേത് ഒരു ചീപ്പ് ഗവൺമെന്‍റ് ആണെന്നുമാണ് നളിൻ ആരോപിച്ചത്. വിവേക് രാമസ്വാമിയുടെ പഴയൊരു വീഡിയോയ്ക്ക് മറുപടിയായാണ് നളിൻ ഈ പരാമർശങ്ങൾ നടത്തിയത്.

“ഇന്ത്യ അമേരിക്കയുടെ നല്ലൊരു സഖ്യകക്ഷിയല്ല. അവർ അമേരിക്കയിലേക്ക് വില കുറഞ്ഞ തൊഴിലാളികളെ അയക്കുന്നു, ഇറാനിൽ നിന്ന് വില കുറഞ്ഞ എണ്ണയും റഷ്യയിൽ നിന്ന് വില കുറഞ്ഞ ആയുധങ്ങളും വാങ്ങുന്നു. കാരണം അവരുടേത് ഒരു ‘ചീപ്പ് ഗവൺമെന്‍റ്’ ആണ്” എന്നാണ് നളിൻ പറഞ്ഞത്. ചൈനയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇന്ത്യയുമായി അടുക്കണമെന്ന് 2023-ൽ വിവേക് രാമസ്വാമി പറഞ്ഞിരുന്നു. ഈ വീഡിയോ ഇപ്പോൾ വീണ്ടും പ്രചരിപ്പിച്ചാണ് നളിൻ ഇന്ത്യയെയും രാമസ്വാമിയെയും ആക്ഷേപിച്ചത്.

വിദഗ്ദ്ധ തൊഴിലാളികൾക്കുള്ള എച്ച്-1ബി വിസ പൂർണ്ണമായും നിരോധിക്കണമെന്ന് നളിൻ ആവശ്യപ്പെട്ടു. അമേരിക്കയിലെ യുവാക്കൾക്ക് ജോലി ലഭിക്കാത്തതിന് കാരണം ഇത്തരം വിദേശ തൊഴിലാളികളാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം. യുഎസ് വിസ ലഭിക്കാൻ നേരിടുന്ന കാലതാമസത്തെക്കുറിച്ച് ഇന്ത്യ ഉന്നയിച്ച ആശങ്കകളെ നളിൻ പരിഹസിച്ചു. ഇന്ത്യയിൽ നിന്നുള്ളവർ അയക്കുന്ന പണം മാത്രമാണ് ഇന്ത്യൻ ഗവൺമെന്‍റിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നളിൻ ഹേലിയുടെ ഈ നിലപാടുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.

നളിന്‍റെ മുത്തച്ഛൻ (അജിത് സിംഗ് രൺധാവ) 1969-ൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ആളാണ്. നിക്കി ഹേലി പലപ്പോഴും തന്റെ ഇന്ത്യൻ പാരമ്പര്യത്തിൽ അഭിമാനം കൊള്ളാറുമുണ്ട്. ഇന്ത്യയെ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യ പങ്കാളിയായി കാണണമെന്ന് നിക്കി ഹേലി അടുത്തിടെയും (2025 ഓഗസ്റ്റിൽ) ആവശ്യപ്പെട്ടിരുന്നു. അമ്മയുടെയും മകന്റെയും വിഭിന്ന നിലപാടുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു.
താനൊരു കടുത്ത ട്രംപ് അനുകൂലിയാണെന്ന് അവകാശപ്പെടുന്ന നളിൻ, പലപ്പോഴും ഇന്ത്യക്കാരെ പ്രകോപിപ്പിക്കുന്നത് ഒരു വിനോദമാണെന്ന് തുറന്നു സമ്മതിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide