
വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് രേഖകൾ പുറത്തുവിടുന്നതിൽ അമേരിക്കൻ നീതി ന്യായ വകുപ്പിന് ഗുരുതരമായ വീഴ്ച പറ്റിയതായി റിപ്പോർട്ട്. അതീവ രഹസ്യമായി സൂക്ഷിക്കേണ്ടിയിരുന്ന ഇരകളുടെ ചിത്രങ്ങളും പാസ്‌പോർട്ട് വിവരങ്ങളും ഉൾപ്പെടെയുള്ള രേഖകൾ തിരുത്തലുകൾ കൂടാതെ പൊതുസഞ്ചയത്തിൽ എത്തിയതായി സിഎൻഎൻ നടത്തിയ വിശകലനത്തിൽ വ്യക്തമായി. ഒരു കൊച്ചുപെൺകുട്ടി എപ്‌സ്റ്റീന്‍റെ കവിളിൽ ഉമ്മവെക്കുന്ന ചിത്രം ഉൾപ്പെടെയുള്ളവ ഒരു മാസത്തോളം ഇന്റർനെറ്റിൽ ലഭ്യമായിരുന്നു. ഇവ മറയ്ക്കേണ്ടതായിരുന്നുവെങ്കിലും അധികൃതർക്ക് വീഴ്ച പറ്റി.
ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട് തുടങ്ങിയവയിലെ സ്വകാര്യ വിവരങ്ങളും മറയ്ക്കാതെയാണ് അധികൃതർ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തത്. കടൽതീരത്ത് നിൽക്കുന്ന കൗമാരക്കാരുടെ നൂറിലധികം നഗ്നചിത്രങ്ങളും ഇത്തരത്തിൽ പുറത്തുപോയി. എന്നാൽ ഇവ പെട്ടെന്ന് തന്നെ നീക്കം ചെയ്യുകയോ ആവശ്യമായ മാറ്റങ്ങൾ വരുത്തി വീണ്ടും അപ്‌ലോഡ് ചെയ്യുകയോ ചെയ്തു. ഇസ്രായേലി സോഫ്റ്റ്‌വെയർ കമ്പനിയായ വിഷ്വൽ ലെയറുമായി ചേർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് സിഎൻഎൻ ഒരു ലക്ഷത്തോളം ചിത്രങ്ങൾ പരിശോധിച്ചത്.
എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവിടുന്ന ഘട്ടത്തിൽ നീതി ന്യായ വകുപ്പ് വരുത്തുന്ന വീഴ്ചകളുടെ പട്ടിക നീളുകയാണ്. നേരത്തെ ഇരകളുടെ പേരുകൾ വെളിപ്പെട്ടതും, എഫ്‌ബിഐ ഏജന്റുമാരുടെ ദൃശ്യങ്ങൾ പുറത്തുവന്നതും വലിയ വിവാദമായിരുന്നു. പല പിഡിഎഫ് രേഖകളിലും കറുത്ത ബോക്സുകൾ ഉപയോഗിച്ച് മറച്ച വിവരങ്ങൾ ‘കോപ്പി-പേസ്റ്റ്’ ചെയ്താൽ കാണാൻ കഴിയുന്ന അവസ്ഥയിലായിരുന്നു.













