
വാഷിംഗ്ടൺ: എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ മുൻ രാജകുമാരൻ ആൻഡ്രൂ അറസ്റ്റിലായതോടെ, സമാനമായ നടപടി അമേരിക്കയിലും വേണമെന്ന ആവശ്യവുമായി പ്രമുഖ യുഎസ് ജനപ്രതിനിധികൾ രംഗത്തെത്തി. ബ്രിട്ടൻ തങ്ങളുടെ അധികാരമുള്ളവരെയും പ്രമാണിമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമ്പോൾ അമേരിക്കൻ സർക്കാർ നിശബ്ദത പാലിക്കുകയാണെന്ന് ഇവർ കുറ്റപ്പെടുത്തി.
“ബ്രിട്ടൻ അവരുടെ പ്രമാണിമാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നു. അമേരിക്കയും അത് തന്നെ ചെയ്യണം,” എന്ന് മസാച്യുസെറ്റ്സിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ജേക്ക് ഓച്ചിൻക്ലോസ് പറഞ്ഞു.
വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും അമേരിക്കൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ സ്റ്റീഫൻ ലിഞ്ചും വിമർശിച്ചു. എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ ശക്തമായി വാദിക്കുന്ന റോ ഖന്ന, ബ്രിട്ടീഷ് സമൂഹത്തിന്റെ ഈ നീക്കത്തെ “ധാർമ്മിക വ്യക്തത” എന്നാണ് വിശേഷിപ്പിച്ചത്. അമേരിക്കയെക്കാൾ ഗൗരവത്തോടെയാണ് ബ്രിട്ടൻ ഈ കേസിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവന്നിട്ടും ഇവിടെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മുൻ കോൺഗ്രസ് അംഗം മർജോറി ടെയ്‌ലർ ഗ്രീൻ ചൂണ്ടിക്കാട്ടി. പകരം ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ തീരുമാനങ്ങളിലാണ് ഭരണകൂടം ശ്രദ്ധിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവന്നിട്ടും അമേരിക്കയിൽ ഉന്നതർക്കെതിരെ യാതൊരു നടപടിയും ഉണ്ടാകാത്തതിനെ അവർ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പരിഹസിച്ചു. എപ്‌സ്റ്റീൻ ഫയലുകളിലെ വെളിപ്പെടുത്തലുകളെത്തുടർന്ന് ബ്രിട്ടൻ ആൻഡ്രൂ രാജകുമാരനെ അറസ്റ്റ് ചെയ്തു. ഇത് നിയമവാഴ്ചയുടെ തെളിവായി ഗ്രീൻ ചൂണ്ടിക്കാട്ടുന്നു.















